തദ്ദേശവാര്‍ഡ് വിഭജനം: പാലക്കാട് ജില്ലാ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് നാളെ

പാലക്കാട് ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ പാലക്കാട് ജില്ലാതല ഹിയറിങ് നാളെ പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ മുഖേനയും ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച പരാതിക്കാരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേള്‍ക്കും. പരാതികള്‍ വിശദമായി പരിശോധിച്ച് കമ്മീഷന്‍ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും. ആകെ 987 പരാതികളാണ് ജില്ലയില്‍ നിന്ന് കമ്മീഷന്റെ പരിഗണനയിലുള്ളത്.
രാവിലെ ഒമ്പതു മണിക്ക് പാലക്കാട്, മലമ്പുഴ, കുഴല്‍മന്ദം, ചിറ്റൂര്‍ ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെയും പാലക്കാട്, ഒറ്റപ്പാലം നഗരസഭകളിലെയും പരാതികള്‍ കേള്‍ക്കും. രാവിലെ 11 ന് ആലത്തൂര്‍, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, കൊല്ലങ്കോട്, നെന്മാറ ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെയും ഷൊര്‍ണ്ണൂര്‍, ചിറ്റൂര്‍- തത്തമംഗലം നഗരസഭകളിലെയും പരാതികള്‍ പരിഗണിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പട്ടാമ്പി, മണ്ണാര്‍ക്കാട്, അട്ടപ്പാടി, തൃത്താല ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെയും മണ്ണാര്‍ക്കാട് നഗരസഭയിലെയും പരാതികളും പരിഗണിക്കും.