നാഗലശ്ശേരിയിലെ കൃഷിനാശം: 29 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന 29 കാട്ടുപന്നികളെ വനംവകുപ്പിന്റെ എം-പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു. നാഗലശ്ശേരി പഞ്ചായത്തിൽ ഏറെക്കാലമായി പന്നിക്കൂട്ടങ്ങളുടെ ഉപദ്രവത്താൽ ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ, വാഴ, മരച്ചീനി, നെൽക്കൃഷി തുടങ്ങി യാതൊരു വിളകളും കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയായിരുന്നു.
പകൽ സമയങ്ങളിൽ പോലും പന്നിക്കൂട്ടങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപകനാശം വരുത്തിയിരുന്നു. കർഷകരുടെ പരാതിയെത്തുടർന്നാണ് നടപടി. വനം വകുപ്പിൻറെ എം. പാനൽ പട്ടികയിൽപ്പെടുന്ന ഷൂട്ടർമാരായ പെരിന്തൽമണ്ണ സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ അസീസ് മങ്കട, നിസാർ മണ്ണാർമല, സുന്ദരൻ, ബാലകൃഷ്ണൻ, ചന്ദ്രൻ, ഹർഷദ് ഖാൻ, അബ്ദുൾ റഹ്മാൻ എന്നീ പരിശീലനം നേടിയ ഷൂട്ടർമാരാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പന്നികളെ വെടിവെച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. നിഷ, വൈസ് പ്രസിഡന്റു പ്രസിഡൻ്റ് കെ.ടി. മോഹൻദാ സ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. സുലൈഖ, മോഹനൻ വെളിയന്തടം എന്നിവർ പ്രദേശം സന്ദർശിച്ചു.
