logo
AD
AD

'ജനസാക്ഷ്യം' പരാതി പരിഹാര അദാലത്തിന് തുടക്കമായി

മലപ്പുറം: 'ജനസാക്ഷ്യം' അദാലത്തില്‍ ലഭിച്ച പരാതികള്‍ വേഗം തീര്‍പ്പാക്കണമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും പൊതുജന പരാതി പരിഹാരത്തിനായി നടത്തുന്ന ജനസാക്ഷ്യം അദാലത്ത് ആനക്കയം ബിസ്മി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികത്വത്തിന്റെ പേരില്‍ അര്‍ഹരായവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ജില്ലാ പഞ്ചായത്തും ജില്ലാ കളക്ടറും മുന്‍കൈയ്യെടുത്ത് നടത്തുന്ന അദാലത്ത് അഭിനന്ദനാര്‍ഹമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനകീയ അദാലത്തുകള്‍ ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിന് സഹായകമായിരുന്നു. പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് തടസ്സമായി നിന്ന സാങ്കേതികത്വങ്ങളും കാലഹരണപ്പെട്ട നിയമങ്ങളും അന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും ഉതകുന്ന വിധം പരിഷ്‌കരിച്ചിരുന്നു. നിരാലംബരും നിസ്സഹായരും ഭിന്നശേഷിക്കാരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ആളുകളുടെ പരാതികള്‍ക്ക് അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള മനസ്സ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ എഡിഎം, സബ് കളക്ടര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, വകുപ്പ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതികള്‍ പരിശോധിച്ചത്. അദാലത്തില്‍ 387 പരാതികള്‍ ലഭിച്ചു. പരാതികള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ വിനയ് ഗോയല്‍ പറഞ്ഞു. ടി.വി ഇബ്രാഹിം എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു.


latest News