logo
AD
AD

അരക്കിലോ ഗ്രാമോളം എം.ഡി.എം.എയുമായി തിരൂർ സ്വദേശി പിടിയിൽ

കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കൽ, തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളിൽ ദേശീയപാത കേന്ദ്രീകരിച്ച് ആഡംബര വാഹനത്തിൽ കറങ്ങിനടന്ന് വൻതോതിൽ രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി കുറ്റിപ്പുറത്ത് വെച്ച് പോലീസ് പിടിയിലായി. തിരൂർ കൂട്ടായി സ്വദേശി കുവ്വക്കാട് വീട്ടിൽ അബ്ദുള്‍ മുഫാസിർ (33) എന്നയാളെയാണ് കുറ്റിപ്പുറം മഞ്ചാടിയിൽ വെച്ച് ജില്ലാ ഡാൻസാഫ് ടീമും കുറ്റിപ്പുറം പോലീസും ചേർന്ന് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതി സഞ്ചരിച്ച ആഡംബര വാഹനത്തിന്റെ സ്റ്റെപ്പിനി ടയറിൽ മാഗ്നറ്റ് ഉപയോഗിച്ച്, സെല്ലോ ടേപ്പിൽ പൊതിഞ്ഞ് രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ചില്ലറ വിപണിയിൽ 25 ലക്ഷം രൂപയോളം വിലവരുന്ന 493.16 ഗ്രാം എം.ഡി.എം.എ.യും എട്ട് ഗ്രാമോളം ഹൈബ്രിഡ് കഞ്ചാവുമാണ് പോലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് മാരക ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ അബ്ദുള്‍ മുഫാസിർ മുൻപും സമാനമായ കേസുകളിൽ പ്രതിയാണ്. 2024-ൽ മലപ്പുറം, കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ വാണിജ്യാടിസ്ഥാനത്തിൽ എം.ഡി.എം.എ. വിൽപന നടത്തിയതിന് ഇയാൾ പിടിയിലായിരുന്നു. രണ്ടു വർഷത്തോളം ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാണ് ഇയാൾ വീണ്ടും വൻതോതിൽ ലഹരി വിൽപനയ്ക്കായി ഇറങ്ങിയത്. പ്രതിക്ക് ലഹരിമരുന്ന് കടത്തുന്നതിനായി സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയ മറ്റ് കൂട്ടാളികളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ്.-ന്റെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.ഒ. സിബിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ മണികണ്ഠൻ, എസ്.ഐ. കെ.എസ്. സുധീർ, എ.എസ്.ഐ. സുധീർ പി.ഡി, പോലീസ് ഉദ്യോഗസ്ഥരായ സനീഷ്, ലിബിൻ എന്നിവരും മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.


latest News