logo
AD
AD

പട്ടാമ്പിയിൽ പൊതുശ്‌മശാനം തുറന്നുനൽകുമെന്ന് നഗരസഭ

പട്ടാമ്പി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പട്ടാമ്പി പൊതുശ്മശാനം തുറന്നു നൽകാൻ തീരുമാനിച്ചതായി പട്ടാമ്പി നഗരസഭ അറിയിച്ചു. നിയമപോരാട്ടമടക്കം നടത്തി നിരവധി വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്മശാനം യാഥാർഥ്യമാവുന്നത്. ശ്മശാനം തുറക്കുന്നതിൻ്റെ ഭാഗമായി നഗരസഭാധ്യക്ഷൻ ടി.പി. ഷാജി, മറ്റു ഭരണസമിതിയംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശ്മശാനം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. പദ്ധതി യാഥാർഥ്യമാക്കാൻ പരിശ്രമിച്ച മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാർ, നഗരസഭാധ്യക്ഷൻമാർ, എം.പി., എം.എൽ.എ., സൗജന്യമായി സ്ഥലം വിട്ടുനൽകിയ കല്ലന്മാർതൊടിയിൽ ജാനകിയമ്മയുടെ കുടുംബം, നേരത്തേ കെട്ടിടം നിർമിക്കാൻ പരിശ്രമിച്ചവർ, സീനിയർ സിറ്റിസൺ ഫോറം ഉൾപ്പെടെയുള്ളവർക്ക് നഗരസഭ നന്ദി അറിയിച്ചു. ഭാരതപ്പുഴയുടെ തീരത്ത് കിഴായൂർ നമ്പ്രം പാതയ്ക്കുസമീപമാണ് ശ്മശാനം. 1970-ൽ തുടങ്ങിയ ഈ ശ്മശാനം കുറച്ചുവർഷങ്ങൾ കഴിഞ്ഞതോടെ അനാഥമായി പൊന്തകെട്ടി നശിച്ചുപോവുകയായിരുന്നു. ശ്മശാനത്തിനായി ഏറെ സമരങ്ങളും പട്ടാമ്പിയിൽ നടന്നിരുന്നു. 2012-ൽ പൊതുശ്മശാനത്തിനായി ആധുനിക രീതിയിലുള്ള വാതകശ്മശാനം സജ്ജീകരിച്ച് തുറക്കാൻ ശ്രമിക്കുമ്പോഴാണ് കോടതിയുടെ സ്റ്റേ വന്നത്. പിന്നീട് ശ്മശാനം തുറക്കാൻ അനുമതി നേടിയെങ്കിലും പ്രവർത്തനമാരംഭിക്കൽ വൈകുകയായിരുന്നു.


latest News