പെരിന്തൽമണ്ണ ബൈപ്പാസിലെ കുഴികളിൽ വാഴ നട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധം
പെരിന്തൽമണ്ണ: റോഡിലെ കുഴികൾ അടയ്ക്കാത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കുഴികളിൽ വാഴനട്ട് ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധം. പെരിന്തൽമണ്ണയിലെ വാഹനത്തിരക്കേറിയ ബൈപ്പാസ് റോഡിലാണ് അപകടക്കെണിയായി മാറിയ കുഴികളിൽ ഡി.വൈ.എഫ്.ഐ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ടത്. എം.എൽ.എമാരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും നിരന്തരം സഞ്ചരിക്കുന്ന റോഡായിട്ടും ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കഴിഞ്ഞ ദിവസം ഈ കുഴിയിൽ വീണ് ഒരു സ്കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റിരുന്നു. സാധാരണക്കാരായ മനുഷ്യരും ഇരുചക്രവാഹന യാത്രികരുമാണ് ഇത്തരം കുഴികൾ കാരണം ഏറെ ബുദ്ധിമുട്ടുന്നത്. റോഡിലെ കുഴിയിൽ വീണ് ജീവൻ പൊലിയുന്നതിന് മുൻപ് അടിയന്തരമായി ഇടപെട്ട് കുഴികൾ അടയ്ക്കണമെന്നും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. മുൻസിപ്പൽ അധികൃതരും എം.എൽ.എ നജീബ് കാന്തപുരവും എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നൽകി.
