പുഴക്കാട്ടിരി–മാലാപറമ്പ് റോഡിലെ കുഴികൾ അടച്ച് പുഴക്കാട്ടിരി യൂത്ത് കെയർ
പുഴക്കാട്ടിരി: പുഴക്കാട്ടിരി–മാലാപറമ്പ് റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ വാഹനയാത്രികർക്കും പ്രത്യേകിച്ച് ആശുപത്രിയിലേക്കും മറ്റ് അത്യാവശ്യ ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർക്കും ഏറെ ദുരിതമുണ്ടാക്കിയ സാഹചര്യത്തിൽ പുഴക്കാട്ടിരി യൂത്ത് കെയർ ടീം താൽക്കാലിക അറ്റകുറ്റപ്പണി നടത്തി. പുഴക്കാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളിയുടെയും പുലാമന്തോൾ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം നീതുവിന്റെയും നേതൃത്വത്തിൽ യൂത്ത് കെയർ പ്രവർത്തകരായ സക്കീർ പുഴക്കാട്ടിരി, ശരീഫുള്ള രാമപുരം, പ്രണവ് സാനു, ജയ്ദേവ് എന്നിവരും പ്രദേശവാസികളും ചേർന്നാണ് റോഡിലെ വലിയ കുഴികൾ താൽക്കാലികമായി അടച്ച് യാത്ര സുഗമമാക്കിയത്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
