'ശുഭയാത്ര'യിലൂടെ റോഡ് സുരക്ഷാ സന്ദേശവുമായി കടുങ്ങപുരം എസ്.പി.സി
പുഴക്കാട്ടിരി: റോഡ് സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ജി.എച്ച്.എസ്.എസ് കടുങ്ങപുരം സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും കുളത്തൂർ പോലീസും സംയുക്തമായി 'ശുഭയാത്ര' എന്ന പേരിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുളത്തൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജയചന്ദ്രൻ ടി.പി. വിദ്യാർഥികൾക്കായി റോഡ് സുരക്ഷാ നിയമങ്ങൾ, വാഹനയാത്രയിൽ പാലിക്കേണ്ട മുൻകരുതലുകൾ, ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിൽ ഓരോ പൗരനും വഹിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് എസ്.പി.സി കേഡറ്റുകൾ യാത്രക്കാർക്കും പൊതുജനങ്ങൾക്കും റോഡ് സുരക്ഷാ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ജി.അനുപമ, സി.പി.ഒമാരായ സുധീഷ്, എസ്.ജയൻ, ഹോംഗാർഡ് വി.ജാഫർ, അധ്യാപകരായ കെ.മോഹൻദാസ്, പി.ദിവ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. റോഡ് സുരക്ഷാ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കാൻ എസ്.പി.സി കേഡറ്റുകൾ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.
