logo
AD
AD

ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാത വികസനം: 24 ബോഗികൾ നിർത്താവുന്നവിധം പ്ലാറ്റ്ഫോമുകൾ നവീകരിക്കും

ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ മുഴുവൻ റെയിൽവേ സ്‌റ്റേഷനുകളിലും 24 ബോഗികൾ നിർത്തിയിടാൻ പാകത്തിൽ പ്ലാറ്റ്ഫോം നവീകരണത്തിനൊരുങ്ങി റെയിൽവേ. നിലമ്പൂർ, അങ്ങാടിപ്പുറം, വാണിയമ്പലം സ്‌റ്റേഷനുകളിൽ ഇതിനുള്ള പദ്ധതിയായിട്ടുണ്ട്. ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാതയിൽ നിലവിൽ 2 പ്ലാറ്റ്‌ഫോമുകളിലായി 702 മീറ്റർ നീളത്തിൽ നിലമ്പൂരിലും 691 മീറ്ററിൽ അങ്ങാടിപ്പുറത്തും 675 മീറ്ററിൽ വാണിയമ്പലത്തുമാണ് നീളം കൂടിയ പ്ലാറ്റ്‌ഫോമുകളുള്ളത്. പുതിയ ക്രോസിങ് സ്‌റ്റേഷനുകൾ സജ്ജമായ കുലുക്കല്ലൂരും മേലാറ്റൂരിലും പ്ലാറ്റ്‌ഫോമുകൾ 24 ബോഗികൾക്കുള്ള സൗകര്യത്തോടെയാണ് സജ്ജമാക്കുന്നത്. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ 10.51 കോടി രൂപയുടെയും വാണിയമ്പലം റെയിൽവേ സ്‌റ്റേഷനിൽ 6.83 കോടി രൂപയുടെയും വികസനം നടപ്പാക്കുന്നുണ്ട്. അങ്ങാടിപ്പുറത്ത് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ 16 കോച്ചും രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ 14 കോച്ചും നിർത്തിയിടാനുള്ള നിലവിലെ സൗകര്യമാണ് വിപുലീകരിക്കുന്നത്.

വാണിയമ്പലം സ്‌റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളിലെയും 18 കോച്ച് നിർത്തിയിടാനുള്ള ശേഷിയാണ് വിപുലീകരിക്കുക. റെയിൽവേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്ഫോം നീളം കൂട്ടുന്നതോടെ പാതയിൽ ദീർഘദൂര ട്രെയിനുകൾക്ക് തടസ്സം നീങ്ങി സാധ്യത തെളിയും. ഇതോടെ നിലമ്പൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കൂടുതൽ ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാനാവും. 2022–23 വർഷത്തിൽ ചെറുകര, പട്ടിക്കാട്, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം, വാടാനാംകുർശ്ശി എന്നീ റെയിൽവേ സ്‌റ്റേഷനുകളിൽ പ്ലാറ്റ്ഫോം ഒന്നാം ഘട്ടമെന്ന നിലയിൽ നീളം കൂട്ടിയിരുന്നു. അടുത്ത ഘട്ടത്തിൽ ഈ സ്‌റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളും 24 ബോഗികൾ നിർത്തിയിടാൻ പാകത്തിൽ സജ്ജമാക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം. തിരുവനന്തപുരം ഷൊർണൂർ വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള നീക്കത്തിന് വിലങ്ങു തടിയായത് ബോഗികൾക്ക് ആവശ്യമായ പ്ലാറ്റ്ഫോം സൗകര്യമില്ലെന്നതാണ്.

ഷൊർണൂർ–നിലമ്പൂർ പാതയിലെ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ മെമു സർവീസാക്കി മാറ്റാനുള്ള പദ്ധതിയും റെയിൽവേയുടെ സജീവ പരിഗണനയിലുണ്ട്. 5 മെമു സർവീസുകൾക്ക് പാലക്കാട് ഡിവിഷൻ അധികൃതർ റെയിൽവേ മന്ത്രാലയത്തോട് ശുപാർശ ചെയ്‌തിട്ടുണ്ട്. ജനപ്രതിനിധികൾ ശക്തമായ സമ്മർദം ചെലുത്തിയാൽ ഇവയിലൊന്നെങ്കിലും നിലമ്പൂരിലേക്ക് നേടിയെടുക്കാനാവും. നിലവിൽ നടക്കുന്ന പ്ലാറ്റ്ഫോം നവീകരണം പൂർത്തിയായാൽ നിലമ്പൂർ–കോട്ടയം എക്‌സ്‌പ്രസ് ട്രെയിനിന്റെ കോച്ചുകൾ 22 ആയി വർധിപ്പിക്കുമെന്ന് റെയിൽവേ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


Latest News

latest News