ഇനി ജനഹൃദയങ്ങളിൽ; ആലിക്കുട്ടി മുസല്യാർക്ക് വിട ചൊല്ലി ആയിരങ്ങൾ
തിരൂർക്കാട് (മലപ്പുറം)∙ സമസ്ത ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസല്യാർക്ക് വിട ചൊല്ലി ആയിരങ്ങൾ. തിരൂർക്കാട് അൻവാറുൽ ഇസ്‌ലാം അറബിക് കോളജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് ശേഷം സമാപന പ്രാർഥനയ്ക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. തിരൂർക്കാട് ജുമാമസ്ജിദിൽ ജനാസ നമസ്കാരത്തിന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. തുടർന്ന് പഴയ പള്ളിയോട് ചേർന്ന് അന്ത്യ വിശ്രമം. രാത്രി മുഴുവൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് പ്രിയ നേതാവിനെ അവസാനമായി കാണാൻ അൻവാറുൽ ഇസ്‌ലാം അറബിക് കോളജിലേക്ക് എത്തിയത്. 70 തവണ ജനാസ നമസ്കാരങ്ങൾ നടന്നു.
മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ, പി.കെ. ബഷീർ, കെ.എം.ഷാജി, വി.ഇ.അബ്ദുൽ ഗഫൂർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാർ, കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അടക്കമുള്ളവർ വിട നൽകാനെത്തിയിരുന്നു.
