ലാബ് സമുച്ചയം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കും
പട്ടാമ്പി: പരുതൂർ കൊടുമുണ്ട ഗവ. ഹൈസ്‌കൂളിന് 2018-19 വർഷത്തിൽ എം.എൽ.എ. ഫണ്ടിൽ അനുവദിച്ച ലാബ് സമുച്ചയ നിർമാണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് വി.ടി. ബൽറാം എം.എൽ.എ. നിർമാണപുരോഗതി വിലയിരുത്താൻ എം.എൽ.എ. ഹൈസ്‌കൂൾ സന്ദർശിച്ചു. 1.8 കോടിരൂപ ഫണ്ടിലാണ് ലാബ് നിർമിക്കുന്നത്. സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനാണ് നിർമാണച്ചുമതല. സ്‌കൂളിന് പ്ലസ്‌ടു കോഴ്‌സ് ലഭിക്കുന്നതിനനുസരിച്ച് സൗകര്യപ്രദമായ രീതിയിലാണ് പുതിയ ലാബ് നിർമാണം. മൂന്നുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തികരിച്ച് ലാബ് കോംപ്ലക്‌സ് കെട്ടിടം സ്‌കൂളിന് കൈമാറണമെന്ന് എം.എൽ.എ. നിർദേശിച്ചു. ഐ.ടി. ലാബ്, സയൻസ് ലാബ് തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന തരത്തിൽ ഒരു ഓപ്പൺ ഓഡിറ്റോറിയം നിർമാണത്തിനുള്ള ഫണ്ടുകൂടി അനുവദിക്കുമെന്ന് എം.എൽ.എ. സ്കൂൾ അധികൃതർക്ക് ഉറപ്പുനൽകി. പ്രധാനാധ്യാപിക ഗീത തങ്കം, ഹാബിറ്റാറ്റ് സെക്രട്ടറി പി. വിനോദ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് പി.പി. അഷറഫ്, പഞ്ചായത്തംഗം പി.ടി. ഷംസുദ്ദീൻ, എസ്.ടി. നിസാർ, എൻ.എം. വാസുദേവൻ നമ്പൂതിരി, കബീർ എന്നിവർ സംബന്ധിച്ചു.
