logo
AD
AD

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്താൻ സമഗ്ര പദ്ധതി

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കാനും രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും ജനപ്രതിനിധികളുടെയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും പ്രത്യേക യോഗത്തില്‍ തീരുമാനം. നജീബ് കാന്തപുരം എം.എൽ.എയുടെ അധ്യക്ഷതയിൽ നാല് മണിക്കൂറിലധികം സമയം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. ആശുപത്രിയുടെ ചരിത്രത്തിൽ തന്നെ ഇത്രയധികം ആഴത്തിൽ പ്രശ്നങ്ങൾ പഠിക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്ത മറ്റൊരു യോഗം ഉണ്ടായിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നിലവിലുള്ള സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കിടത്തിച്ചികിത്സയും അത്യാവശ്യ ഓപ്പറേഷനുകളും മുടക്കമില്ലാതെ രോഗികള്‍ക്ക് ഉറപ്പാക്കാനാണ് പ്രധാനപ്പെട്ട തീരുമാനം. ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്താന്‍ സാധിക്കുന്ന കേസുകള്‍ മറ്റുള്ള ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കണമെന്ന ആവശ്യമാണ് ജനപ്രതിനിധികളും ആശുപത്രി വികസന സമിതി അംഗങ്ങളും യോഗത്തില്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും ഉണ്ടാവുമെന്ന് ആശുപത്രി അധികൃതര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം രാവിലെ 8 മണി മുതൽ 1 മണി വരെ പരമാവധി രോഗികളെ പരിശോധിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കും. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. പുതിയ കാഷ്വാലിറ്റി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് 12 കോടി രൂപയുടെ കിഫ്ബി പദ്ധതിയും, 3 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്‍റും 1 കോടി രൂപ വിനിയോഗിച്ചു കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ദ്രുതഗതിയിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന പേവാർഡ് അടിയന്തിരമായി തുറന്നു പ്രവർത്തിക്കുന്നതിനും ഓങ്കോളജി വിഭാഗത്തിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള സേവനങ്ങൾ വിപുലീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇ-ഹെല്‍ത്ത് പദ്ധതിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് വേണ്ടിയുള്ള രോഗികളുടെ നീണ്ട നിര ഒഴിവാക്കുന്നതിന് സമാന്തര സംവിധാനം ഏര്‍പ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു. ഓപ്പറേഷൻ തിയേറ്ററിലെ പ്രവർത്തനങ്ങൾ സമയബന്ധിതമായി തുടങ്ങാൻ നഴ്‌സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ സമയക്രമം കൃത്യതയോടെ പുന:ക്രമീകരിക്കും. ഫാർമസിയിലെ അമിത തിരക്ക് കുറയ്ക്കാൻ കൂടുതല്‍ കൗണ്ടറുകൾ കൂടി ഉടൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി ട്രെയിനിംഗ് വ്യവസ്ഥയിൽ ഫാർമസിസ്റ്റുകളുടെ സേവനം ലഭ്യമാക്കും. ലാബ് പരിശോധനാ ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും എക്സറെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ സൂപ്രണ്ടിന് നിർദേശം നൽകി. ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് അർഹമായ സേവനവും കരുതലോടെയുള്ള ചികിത്സയും ഉറപ്പാക്കാൻ ജനപ്രതിനിധികളും എച്ച്.എം.സിയും ഡോക്ടർമാരും ജീവനക്കാരും ഒരുമനസ്സോടെ പ്രവർത്തിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി, ആശുപത്രി സൂപ്രണ്ട് ഡോ. ഷീനലാല്‍, ആർ.എം.ഒ ഡോ.ദീപക് കെ.വ്യാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


latest News