logo
AD
AD

ശബരിമല സ്വർണക്കൊള്ള: പി.എസ് പ്രശാന്ത് ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ ഇളക്കി സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിൽ പി.എസ് പ്രശാന്ത് ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയെന്ന് എസ്ഐടി. 2025ൽ ദ്വാരപാലക ശിൽപ്പം കൊണ്ടുപോകുന്നതിൽ തീരുമാനമെടുത്തത് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ബോർഡ് യോഗമാണെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവാഭരണം കമ്മീഷണറുടെ എതിർപ്പ് മറികടന്നാണ് പ്രശാന്ത് തീരുമാനമെടുത്തെന്നും റിമാൻഡ് റിപ്പോർട്ടുണ്ട്. റിമാൻ്റ് റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

തന്റെ ഭരണ സമിതിയുടെ കാലത്തല്ല ശബരിമലയിൽ നിന്നും ദ്വാരപാലക ശിൽപ്പം കൊണ്ടുപോകുന്നതിനുള്ള തീരുമാനം എടുത്തതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിന് തൊട്ടുമുമ്പ് പി.എസ് പ്രശാന്ത് സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. എന്നാൽ പ്രശാന്ത് ഉന്നയിച്ച വാദങ്ങളെ തള്ളുന്നതാണ് റിപ്പോർട്ടിലുള്ളത്. ദേവസ്വം ബോർഡ് മുൻ അധികൃതരുൾപ്പെടെയുള്ളവർ ചട്ടങ്ങൾ ലംഘിച്ച് വ്യാജരേഖകൾ ചമച്ചും ഗൂഢാലോചന നടത്തിയും കൃത്രിമം കാട്ടിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പി.എസ് പ്രശാന്തും എ.അജികുമാറും ദ്വാരപാലക ശിൽപങ്ങൾ ഇളക്കി സ്വർണം പൂശുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരെ സഹായിക്കുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജരേഖകൾ ചമയ്ക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. കൂടാതെ, ക്ഷേത്രമുതലുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് മുൻപ് ഹൈക്കോടതിയെ അറിയിക്കണമെന്ന കർശന നിർദേശം പി.എസ് പ്രശാന്ത് ബോധപൂർവം അവഗണിച്ചതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്. 2025ൽ ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പം കൊണ്ടുപോയ സംഭവത്തിലാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. രാവിലെ കരകുളത്തെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. സ്വർണകൊള്ള മറയ്ക്കുന്നതിന് വേണ്ടി പ്രശാന്തിന്റെ നേതൃത്വത്തിൽ ഇടപെടൽ നടത്തിയതാണ് എസ്ഐടിയുടെ കണ്ടെത്തൽ.2019 ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും കൊണ്ടുപോയി സ്വർണം തട്ടിയെടുത്തിനെ കുറിച്ച് പ്രശാന്തിന് അറിവുണ്ടായിരുന്നു. പ്രശാന്ത് മനഃപൂര്‍വം കാര്യങ്ങൾ മറച്ചു വെച്ചെന്നും എസ്ഐടി വ്യക്തമാക്കുന്നു. 2025ലെ ഇടപാടിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാവും. എൽഡിഎഫ് സർക്കാരിൻറെ കാലത്ത് ഉണ്ടായിരുന്ന രണ്ടാമത്തെ ഭരണസമിതിയാണ് പ്രതിക്കൂട്ടിലേക്ക് എത്തുന്നത്. സ്വർണ കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Latest News

latest News