ബോധവൽക്കരണ പോസ്റ്ററുകൾ പ്രകാശനം ചെയ്തു
പട്ടാമ്പി: മഴക്കാല രോഗ പ്രതിരോധത്തിന്റെയും ശുചിത്വ പരിപാലനത്തിന്റെയും ഭാഗമായി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശ പ്രകാരം നടപ്പിലാക്കുന്ന Safai Apna, Bimaari Bhagao പ്രചാരണത്തിന്റെ ഭാഗമായി പട്ടാമ്പി നഗരസഭ തയ്യാറാക്കിയ ബോധവൽക്കരണ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ ടി.പി ഷാജി, സെക്രട്ടറി ഡോ.എസ്.അമൽ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്. വയറിളക്ക രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവ തടയുന്നതിനായി വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പുവരുത്തുക, മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക, കുടിവെള്ള സ്രോതസ്സുകൾ ശുചിയായി സൂക്ഷിക്കുക എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രചാരണത്തിന്റെ ഭാഗമായി നഗരസഭയിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും വരും ദിവസങ്ങളിൽ ശക്തമാക്കുമെന്ന് ചെയർമാൻ ടി.പി ഷാജി അറിയിച്ചു. പൊതുജനങ്ങൾ എല്ലാവരും ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
