ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു
കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു. പുനലൂര്‍ ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആളപായമില്ല. പുക ഉയരുന്നത് കണ്ട ഉടന്‍ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി ആളുകളെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് സംഭവം.
ബസ്സിന്റെ മുന്നിലെ ടയറിന്റെ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. കടയ്ക്കല്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
