logo
AD
AD

ചെമ്മലശ്ശേരി രണ്ടാംമൈലിലെ അനധികൃത ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കി

ചെമ്മലശ്ശേരി: ചെമ്മലശ്ശേരി രണ്ടാം മൈൽ അങ്ങാടിയിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അധികൃതർ പൊളിച്ചുനീക്കി. പൊതുമരാമത്ത് വകുപ്പ് (PWD), കെ.എസ്.ഇ.ബി, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പോലീസിന്റെ സാന്നിധ്യത്തിലാണ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയത്. വർഷങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ സി.ടി. അസീസിന്റെ പേരിലുള്ള കാത്തിരിപ്പ് കേന്ദ്രം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയിരുന്നു. എന്നാൽ, പിന്നീട് അതേ സ്ഥലത്തുതന്നെ ഒരു വിഭാഗം ആളുകൾ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുകയായിരുന്നു. വളരെ തിരക്കേറിയ പി.ഡബ്ല്യു.ഡി റോഡിൽ ടാർ ചെയ്ത ഭാഗത്തുനിന്ന് ഒരു മീറ്റർ പോലും അകലമില്ലാതെയും, ജംഗ്ഷനോട് ചേർന്ന് മറ്റ് വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന രീതിയിലുമായിരുന്നു ഈ നിർമ്മാണം. കൂടാതെ അങ്ങാടിയിലെ കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറിനോട് ചാരിയാണ് ഇത് സ്ഥാപിച്ചിരുന്നത് എന്നതിനാൽ ഏതുനിമിഷവും വലിയൊരു അപകടത്തിന് ഇത് കാരണമാകുമായിരുന്നു. നിർമ്മാണ സമയത്തുതന്നെ പ്രാദേശിക പൊതുപ്രവർത്തകർ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇവർ ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി എന്നിവർക്ക് പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് പരിഗണിച്ച കോടതി ബന്ധപ്പെട്ട വകുപ്പുകളുടെ സിറ്റിംഗ് നടത്താൻ നിർദ്ദേശിച്ചു. ഈ പരിശോധനയിൽ ബസ്‌റ്റോപ്പ് നിർമ്മാണം പൂർണ്ണമായും അനധികൃതമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഇത് പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്.


Latest News

latest News