മലപ്പുറം തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസിനു (RPO) കീഴിലുള്ള മലപ്പുറത്തെ തവനൂർ സബ് പോസ്റ്റ് ഓഫീസിൽ, തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം (POPSK) കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി ഇന്ന് ഉദ്ഘാടനംചെയ്തു. കോഴിക്കോട് RPO-ക്കു കീഴിലുള്ള മൂന്നാമത്തെ POPSK ആണിത്. തവനൂരിൽ POPSK ആരംഭിച്ചതോടെ, കേരളത്തിലെ ഓരോ ലോക്സഭാ മണ്ഡലത്തിലും കുറഞ്ഞത് ഒരു PSK-യോ അല്ലെങ്കിൽ POPSK-യോ പ്രവർത്തനക്ഷമമാക്കുക എന്ന നാഴികക്കല്ലു കൈവരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനായി (MEA). ഉദ്ഘാടനച്ചടങ്ങിൽ പൊന്നാനി ലോക്സഭാംഗം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, തവനൂർ, കോട്ടയ്ക്കൽ, പൊന്നാനി എംഎൽഎമാർ, വിദേശകാര്യ മന്ത്രാലയത്തിലെയും തപാൽ വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് പാസ്പോർട്ട്-അനുബന്ധ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രാസമയവും കാത്തിരിപ്പും ഗണ്യമായി കുറയ്ക്കുന്നതിനും ഈ ഉദ്യമം സഹായിക്കും. ഇതിൻ്റെ ഫലമായി, പൊന്നാനി മേഖലയിലെ ജനങ്ങൾക്ക് പാസ്പോർട്ട് സേവനങ്ങൾക്കായി സമീപ ജില്ലകളിലേക്കും മറ്റുമുള്ള ദീർഘദൂരയാത്ര ഒഴിവാക്കാനാകും. തുടക്കത്തിൽ, തവനൂർ POPSK-യിൽ പ്രതിദിനം 50 അപേക്ഷകർക്ക് സേവനം നൽകും. പ്രതിദിനം 100 അപേക്ഷകളായി വർധിപ്പിക്കാനും പദ്ധതിയുണ്ട്. തവനൂർ POPSK-യിൽ അപ്പോയിൻ്റ് മെൻ്റ് ബുക്ക് ചെയ്യാൻ അപേക്ഷകർക്ക് ഔദ്യോഗിക പാസ്പോർട്ട് സേവാ വെബ്സൈറ്റ് (www.passportindia.gov.in) സന്ദർശിക്കാം. ആൻഡ്രോയിഡ്, iOS ആപ്ലിക്കേഷൻ സ്റ്റോറുകളിൽനിന്നു പാസ്പോർട്ട് സേവാ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തും സേവനം പ്രയോജനപ്പെടുത്താം.
