കേരളത്തിൽ തുലാവർഷം എത്തുന്നു; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നതിനൊപ്പം തെക്കേ ഇന്ത്യയിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ എത്തുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിൽ ഒക്ടോബർ 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് ഒക്ടോബർ 15, 16, 17 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. ഒക്ടോബർ 13, 14 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ ഒക്ടോബർ 15, 16, 17 തീയതികളിൽ ഇടിമിന്നലിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയടിച്ചേക്കാം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
