എച്ച്ഐവി രോഗബാധിതർക്കുള്ള സഹായം നൽകണം -മനുഷ്യാവകാശ കമ്മിഷൻ
മലപ്പുറം: എച്ച്‌ഐവി രോഗബാധിതർക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽനിന്ന് മരുന്ന് വാങ്ങുന്നതിനുള്ള യാത്രയ്ക്ക് പ്രതിമാസം അനുവദിക്കുന്ന 1000 രൂപയും അതിന്റെ കുടിശ്ശികയും എത്രയുംപെട്ടെന്ന് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
സർക്കാർ മെഡിക്കൽകോളേജുകളിലെയും ജില്ലാ ജനറൽ ആശുപത്രികളിലെയും ആന്റി റിട്രോവൈറൽ തെറാപ്പി സെന്ററിൽ നിന്ന് ചികിത്സനടത്തുന്നതിന് സഹായധനം നൽകാൻ ഫണ്ടിന്റെ അപര്യാപ്തതയാണ് തടസ്സമെന്ന് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഒരു മാസത്തിനുള്ളിൽ കമ്മിഷനെ അറിയിക്കണം. മലപ്പുറത്തുനിന്ന് തൃശ്ശൂർ വരെ മരുന്ന് വാങ്ങുന്നതിനായി പോകുന്നത് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.
