ഹരിതം റൂറൽ ലിറ്റററി ഫെസ്റ്റ് സമാപിച്ചു; ടി. ഉദയശങ്കറിന്റെ 'കഥായാനം' പ്രകാശനം ചെയ്തു
പട്ടാമ്പി: അക്ഷരപ്രേമികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഹരിതം റൂറൽ ലിറ്റററി ഫെസ്റ്റ് പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ സമാപിച്ചു. നാല്പതോളം എഴുത്തുകാരുടെ പങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളും കൊണ്ട് സമ്പന്നമായിരുന്നു ഒരു പകൽ നീണ്ടുനിന്ന ഈ സാഹിത്യോത്സവം.
ചടങ്ങിൽ ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ടി. ഉദയശങ്കറിന്റെ നൂറ് കഥകൾ അടങ്ങിയ 'കഥായാനം' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ടി.ആർ. അജയൻ പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഡോ. പി. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്ണൻ, വിജി തമ്പി, പി. രാമൻ തുടങ്ങിയവർ സംസാരിച്ചു.
ഡോക്യുമെന്ററി പ്രദർശനം, സാക്സഫോൺ സംഗീതം, നിസരി ഓർക്കസ്ട്രയുടെ സംഗീതവിരുന്ന് എന്നിവ ഫെസ്റ്റിന് മിഴിവേകി. ഡോ. പി.വി. രാമൻകുട്ടി, പ്രതാപൻ തായാട്ട്, ഡോ. റോസി തമ്പി, ജയകൃഷ്ണൻ വല്ലപ്പുഴ ഉൾപ്പെടെ നിരവധി സാംസ്കാരിക പ്രവർത്തകർ വിവിധ സെഷനുകളിൽ പങ്കെടുത്തു. ഇരുനൂറോളം സാഹിത്യ ആസ്വാദകരാണ് പരിപാടിയിൽ ആദ്യാവസാനം പങ്കുചേർന്നത്.
