പറവണ്ണ ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടന്നു
തിരൂർ: പറവണ്ണ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2023-25 ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ ചടങ്ങുകളോടെ സ്കൂൾ മൈതാനത്ത് നടന്നു. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് മുഖ്യാതിഥിയായി പങ്കെടുത്ത് പരേഡ് പരിശോധിക്കുകയും കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.
സ്കൂൾ മൈതാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങ് ഹൈസ്കൂൾ പ്രധാനാധ്യാപിക ജലജ ടീച്ചർ നിർവഹിച്ചു. 40 കേഡറ്റുകൾ രണ്ട് പ്ലാറ്റൂണുകളായി അണിനിരന്ന പരേഡിന് സംസ്ഥാന-ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി മാറിയ റിയ സി.പി. നേതൃത്വം നൽകി. സെക്കന്റ് ഇൻ കമാൻഡറായ ഹനയിൽ നിന്നും പൂർണ്ണ ചുമതല സ്വീകരിച്ചാണ് റിയ പരേഡ് നയിച്ചത്. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് സക്കീന, പി.ടി.എ പ്രസിഡന്റ് നാസർ, എസ്.പി.സി ഗാർഡിയൻ പ്രസിഡന്റ് ഫാത്തിമത്ത് സുഹ്റ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ഇസ്മയിൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബൈജു എന്നിവർ പരേഡിൽ ആദരം ഏറ്റുവാങ്ങി.
ത്രിവർണ്ണ പതാകയുടെയും സ്കൂൾ, എസ്.പി.സി പതാകകളുടെയും അകമ്പടിയോടെ കേഡറ്റുകൾ മൈതാനത്തേക്ക് പ്രവേശിച്ചപ്പോൾ സി.പി.ഒ ബിജി ടീച്ചർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കാനൊരുങ്ങുന്ന പ്രധാനാധ്യാപിക ജലജ ടീച്ചറെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. പരിശീലന കാലയളവിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കേഡറ്റുകൾക്കുള്ള പുരസ്കാര വിതരണവും നടന്നു. എ.സി.പി.ഒ വനിൽ കുമാർ ചടങ്ങുകൾ ക്രോഡീകരിച്ചു.
