logo
AD
AD

ബാല്യകാലസഖി - വൈക്കം മുഹമ്മദ് ബഷീര്‍ | ആസ്വാദനം

ബാല്യകാലസഖി - വൈക്കം മുഹമ്മദ്‌ ബഷീർ⁣ ⁣ ജീവിതത്തിൽ നിന്നു വലിച്ചു ചീന്തിയ ഒരേട്⁣ ⁣ അനുഭവങ്ങളെയൊക്കെ ഇത്രമേൽ തീവ്രമായി പകർത്തിയെഴുതാൻ ഒരു മനുഷ്യന് കഴിയുമോയെന്നോർത്ത് ഞാൻ സ്തബ്ധയായിപ്പോയിട്ടുള്ളത് ഒരേയൊരു വ്യക്തിയ്ക്ക് മുൻപിലാണ്. മലയാളം കണ്ട എക്കാലത്തെയും മികച്ച ജനകീയനായ എഴുത്തുകാരൻ, ശ്രീ വൈക്കം മുഹമ്മദ്‌ ബഷീർ. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് രചനകളിലൊന്നായി ചേർത്തു വെയ്ക്കാവുന്ന 'ബാല്യകാലസഖി', അവതാരികയിൽ എം പി പോൾ പറയുന്നപോലെ ബഷീറിന്റെ 'ജീവിതത്തിൽ നിന്നു വലിച്ചു ചീന്തിയ ഒരേടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്ന' ഒന്ന്. ⁣ ⁣ ഇതിൽ കവിഞ്ഞ ഒരു വിശേഷണം 'ബാല്യകാലസഖി'യ്ക്ക് ചേരുമോ എന്നെനിയ്ക്ക് സംശയമാണ്. ഓരോ അണുവിലും സ്നേഹമെന്ന വികാരത്തിന്റെ പരിശുദ്ധി നിറഞ്ഞു നിൽക്കുന്ന, ഗ്രാമീണ സൗന്ദര്യത്തിന്റെ വിശുദ്ധിയോടെയും നൈർമല്യത്തോടെയും കടന്നുവരുന്ന മജീദും സുഹ്‌റയും കഥാവസാനം വരെ നമ്മുടെ ഹൃദയത്തിൽ വരച്ചു വെയ്ക്കുന്ന ഒരു ചിത്രമുണ്ടല്ലോ, അതാണ്‌ ബാല്യകാലസഖി. അതിന്റെ പവിത്രത ഒട്ടും ചോരാതെ ഇന്നും മലയാളികൾ നെഞ്ചേറ്റി നടക്കുന്നുണ്ടെങ്കിൽ അതാണ്‌ ബഷീർ എന്ന സാഹിത്യകാരന്റെ വിജയം. ⁣ ⁣ നാം കണ്ടും കെട്ടും മടുത്ത പ്രണയകഥകൾക്കപ്പുറത്തേയ്ക്ക് എത്രയോ വിശാലമായ ആകാശമുണ്ടെന്ന് ബഷീർ പറയാതെ പറയുമ്പോൾ, കണ്ണീരിൽ അവസാനിക്കുമ്പോഴാണ് പ്രണയം കവിതയാവാറ് എന്നു പറഞ്ഞവർ മജീദിന്റെയും സുഹ്റയുടെയും മുഖത്തേക്കൊന്ന് നോക്കണം. പരാജിതരുടെ മുഖഭാവം നിങ്ങൾക്കൊരിക്കലും അവരിൽ കാണാൻ സാധിക്കുകയില്ല. ⁣ "ഈ ട്രൂ ലവ് ഒക്കെ ഔട്ട്‌ ഓഫ്‌ ഫാഷൻ ആയോ?" എന്ന് നമ്മളോട് ചോദിയ്ക്കാൻ അവകാശമുള്ളവരാണവർ. അതുകൊണ്ടാണ് കാലമിത്ര കഴിഞ്ഞിട്ടും ജരാനരകൾ ബാധിക്കാതെ, നിലനിൽപ്പിന്റെ പുഴുക്കുത്തേൽക്കാതെ നിത്യഹരിത നായികാനായകന്മാരായി മജീദും സുഹ്റയും ന്യൂജെൻ പിള്ളേരോട് കട്ടയ്ക്ക് ഇടിച്ചിടിച്ചു നിൽക്കുന്നത്.⁣ ⁣ നിഷ്കളങ്കതയാണ് കുട്ടികളുടെ മെയിൻ.സുഹ്റയിൽ അത് നീണ്ടു കൂർത്ത നഖങ്ങളും മജീദിൽ ദിവാസ്വപ്നങ്ങളുമായിരുന്നു. ഇനിയൊരു മടങ്ങിപ്പോക്കുണ്ടെങ്കിൽ അത് ബാല്യകാലത്തിന്റെ വിസ്‌മൃതിയിലേക്കാവും എന്നുറപ്പുള്ള നമ്മൾ ഇരുകയ്യും നീട്ടി അവരുടെ ബാല്യകാലത്തെയും സ്വീകരിച്ചു. ⁣ ⁣ "എനിക്ക് മാവേക്കേറാൻ അറിയാലോ "എന്ന മജീദിന്റെ വീമ്പു പറച്ചിലിൽ തകർന്നു പോവുന്ന സുഹ്റ, ഒടുവിൽ "എനിച്ചു ഒരെണ്ണം മതി" എന്ന് പറഞ്ഞു, രണ്ടുമാമ്പഴത്തിൽ നിന്നൊരെണ്ണം മജീദിന് നേരെ നീട്ടുമ്പോൾ ആ കുഞ്ഞു മനസ്സുകളിൽ തെളിയുന്ന സ്നേഹത്തിന്റെ വിളക്ക് അവസാനം വരെ എരിഞ്ഞു കത്തുന്നുണ്ട് അവർക്കിടയിൽ, നമുക്കിടയിലും. ⁣ ⁣ സുഹ്റയുടെ കാതുകുത്തു കല്ല്യാണം കാണാൻ ഏന്തി വലിച്ചു പോയി മജീദ്‌ ചെയ്ത ത്യാഗമൊന്നും ഇന്നൊരു കാമുകനും തന്റെ കാമുകിയ്ക്ക് വേണ്ടി ചെയ്‌തിട്ടുണ്ടാവില്ല, അവരപ്പോൾ കുട്ടികളായിരുന്നു എന്ന് പ്രത്യേകം ഓർമ്മിക്കണം.⁣ ഉപ്പയുടെ മരണം വില്ലൻ വേഷമണിഞ്ഞപ്പോൾ തോറ്റുപോയത് സുഹ്റയുടെ പഠിക്കാനുള്ള ആഗ്രഹമാണ്. മജീദിന്റെ നിറയെ പടമുള്ള പുതിയ പുസ്തകത്തിൽ ഇറ്റിറ്റ് വീഴുന്ന സുഹ്റയുടെ കണ്ണുനീർ ഒരു കൊളുത്തിവലിക്കലായി ഇപ്പോഴും നെഞ്ചിലുണ്ട്. ⁣ ⁣ ഒരുപക്ഷേ മജീദ്‌ വീടുവിട്ടിറങ്ങിയില്ലായിരുന്നുവെങ്കിൽ കഥ മറ്റൊന്നായേനേ എന്ന് കൊതിച്ചു പോയിട്ടുണ്ട് ഞാനും. ⁣ മജീദ്‌ തിരിച്ചു വന്നെന്നറിഞ്ഞ് ഓടിപ്പിണഞ്ഞെത്തിയ സുഹ്റയിൽ തെളിയുന്നത് ജീവിതത്തിന്റെ മറ്റൊരു മുഖമാണെന്നതിൽ സംശയമില്ല. ⁣ ⁣ തിരികെ മടങ്ങുമ്പോൾ ആ വീടും അവളും നിറയെ ചുവന്ന പൂക്കളുള്ള ചെമ്പത്തിച്ചെടിയും മജീദിന്റെ മനസ്സിൽ വരയ്ക്കുന്ന ചിത്രമാണ് പിന്നീടവന്റെ ജീവിതത്തിനാകെയുള്ള ഒരേയൊരു പ്രതീക്ഷ. പോരാട്ടത്തിനു കരുത്തു പകരുന്ന വിപ്ലവകരമായ പ്രതീക്ഷ.. ⁣ ⁣ സുഹ്റയുടെ മരണം അത് അപ്രതീക്ഷിതമായിരുന്നു. അത് മനസ്സിലേൽപ്പിക്കുന്ന മുറിവുണ്ടല്ലോ..അതിൽ നിന്ന് ഇപ്പോഴും ചോര കിനിഞ്ഞിറങ്ങുന്നുണ്ട്.പറഞ്ഞതിനേക്കാളേറെ പറയാതെ മജീദ്‌ സുഹ്റയെ സ്നേഹിച്ചിരുന്നു.. അതിലും എത്രയോ ഇരട്ടി സുഹ്റ തിരികെ മജീദിനെയും. ഒരിക്കൽ, ഒരിക്കൽ മാത്രമാണ് ബഷീർ അവരുടെ പ്രണയം ദൃശ്യവൽക്കരിച്ചിട്ടുള്ളൂ.. അത് മജീദിന് കാലിൽ വിഷക്കല്ലു കൊണ്ടപ്പോഴാണ്. പിന്നീടൊരിക്കൽപ്പോലും ബഷീർ ആ പ്രണയത്തെ പുറത്തു കൊണ്ടുവന്നിട്ടില്ല. തന്റെ വലത്തേ കാൽ പാതി മുറിച്ചു മാറ്റി എന്നു തിരിച്ചറിയുന്ന മജീദ്‌ സ്മരിക്കുന്നത് തന്നെ, അത് സുഹ്റയുടെ പ്രഥമ ചുംബനം ഏറ്റുവാങ്ങിയ വലത്തെ കാൽ ആയിട്ടാണ്. ⁣ ⁣ 'ബാല്യകാലസഖി'യിൽ കുട്ടിക്കാലമുണ്ട്, യൗവ്വനമുണ്ട്,രോഗങ്ങളുണ്ട്, പട്ടിണിയുണ്ട്. ആ ഉമ്മയുടെ കത്തിൽ കഥയവസാനിക്കുമ്പോൾ നാം തിരിച്ചറിയേണ്ട യാഥാർഥ്യം ഒന്നുണ്ട്, മനുഷ്യൻ തന്റെ ജീവിതത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന. അത് വിരഹമാണെന്നു യൗവനത്തിലും രോഗമാണെന്ന് വാർധക്യത്തിലും തോന്നുമെങ്കിലും പച്ചയായ സത്യം അത് വിശപ്പാണ് എന്നുള്ളതാണ്. ⁣ ⁣ വേദന.. നിസ്സീമവും പരമവുമായ വേദനയാണ് മജീദിന് നോവൽ അവസാനിക്കുമ്പോൾ ലഭിക്കുന്നത്. അവിടെ ഉമ്മയും ഉപ്പയും പെങ്ങന്മാരുമെല്ലാം അപ്രസക്തമാകുന്നു. സുഹ്‌റ.. സുഹ്‌റ മാത്രമാണ് ഒടുവിൽ ശേഷിക്കുന്നത്. മടങ്ങിപ്പോരുമ്പോൾ മജീദിനോട് പറയാൻ കാത്തുവെച്ച ആ വാക്കിൽ നോവൽ അവസാനിക്കുമ്പോൾ, ഉള്ളിന്റെ ഉള്ളിൽ സൂചിമുന കൊണ്ടത്‌ പോലൊരു വേദന അനുഭവിക്കാത്തവർ ആയി ആരും കാണില്ല.. അവൾ പറയാൻ ബാക്കിവെച്ച ആ വാക്ക്, ഒരോർമ്മപ്പെടുത്തലാണ്.. ഒരു പ്രതീക്ഷയാണ്. ഒരുപാട് പേർക്ക്.. ഇനിയും ജീവിതത്തെ നേരിടാൻ. ⁣ ⁣ ⁣ അഖില ഉണ്ണി. കെ ⁣ പട്ടാമ്പി

Latest News

latest News