കരിപ്പൂർ ഹജ്ജ് ക്യാമ്പിന് തുടക്കം
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കോഴിക്കോട് എംബാർക്കേഷൻ പോയിൻ്റിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. കരിപ്പൂരിൽ നിന്ന് ഇത്തവണ 969 തീർഥാടകരാണ് യാത്രയാകുന്നത്, ഇതിൽ 686 സ്ത്രീകളും 283 പുരുഷന്മാരും ഉൾപ്പെടുന്നു. കർണാടകയിൽ നിന്നുള്ള നാലു തീർത്ഥാടകരും ഈ സംഘത്തിലുണ്ട്. ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. മെയ് 14 മുതൽ 17 വരെയാണ് കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, നിയുക്ത എം.എൽ.എ മാരായ ടി.പി. അഷ്‌റഫലി, ടി.വി. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. ഹാജിമാർക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം നിയുക്ത എം.എൽ.എ ടി.പി. അഷ്‌റഫലി നിർവഹിച്ചു. തീർത്ഥാടകർക്ക് ആവശ്യമായ താമസം, ഭക്ഷണം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഹജ്ജ് ഹൗസിലും എയർപോർട്ടിലും വിപുലമായി ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ട്രെയിനർമാരും വൊളന്റിയർമാരും സേവനത്തിനായി സജ്ജരാണ്.
ഇത്തവണ ആകെ 13,194 തീർത്ഥാടകരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെടുന്നത്. ഇതിൽ 4326 പുരുഷൻമാരും 8868 സ്ത്രീകളും ഉൾപ്പെടുന്നു. കൊച്ചിയിൽ നിന്ന് 7931 പേരും കണ്ണൂരിൽ നിന്ന് 4270 പേരും കരിപ്പൂർ വഴി 969 പേരുമാണ് യാത്രയാകുന്നത്. ലക്ഷദ്വീപ്, തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 657 തീർത്ഥാടകരും കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകൾ ഉപയോഗിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ആകെ 13,851 തീർത്ഥാടകരാണ് കേരളത്തിലെ കേന്ദ്രങ്ങൾ വഴി യാത്രയാകുന്നത്.
