logo
AD
AD

കുടുംബശ്രീ ദേശീയ സരസ് മേള ചാലിശ്ശേരിയിൽ

പാലക്കാട്: ഗ്രാമീണ സ്ത്രീസംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ 'ദേശീയ സരസ് മേള' ജനുവരി രണ്ടുമുതൽ 11 വരെ ചാലിശ്ശേരിയിൽ. ചാലിശ്ശേരി മുലയംപറമ്പ് മൈതാനത്തും സമീപത്തെ പ്രത്യേക വേദിയിലുമായാണ് മേളയെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.⁣ ⁣ 28 സംസ്ഥാനങ്ങളിൽനിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള 250 പ്രദർശന, വിപണന സ്റ്റാളുകളുണ്ടാവും. കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വില്പനയും നടക്കും. ജനുവരി രണ്ടിനു വൈകിട്ട് 5.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.⁣ ⁣ മുപ്പതിലധികം സ്റ്റാളുകൾ അടങ്ങുന്ന മെഗാ ഇന്ത്യൻ ഫുഡ്‌കോർട്ട്, കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീത-നൃത്ത നിശകൾ, പ്രാദേശിക കലാകാരന്മാരുടേയും കലാകാരികളുടേയും കുടുംബശ്രീ അംഗങ്ങളുടെയും കലാവിഷ്‌കാരങ്ങൾ, ആദരസന്ധ്യകൾ, സെമിനാറുകൾ, പുഷ്പമേള, ഹാപ്പിനെസ് കോർണർ തുടങ്ങിയവ മേളയിലുണ്ടാകും.⁣ ⁣ ജനുവരി രണ്ടിന് മട്ടന്നൂർ ശങ്കരൻകുട്ടി, ശരത്, പ്രകാശ് ഉള്ള്യേരി എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ, രണ്ടാംദിനം നടി നവ്യാ നായരുടെ ഭരതനാട്യം, മൂന്നാം ദിനത്തിൽ റിമി ടോമിയുടെ ലൈവ് മ്യൂസിക് ഷോ, നാലാം ദിനം ഗായിക പുഷ്പാവതിയുടെ ഗാനസന്ധ്യ, അഞ്ചാം ദിനത്തിൽ ആർ.എൽ.വി. രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഗംഗാ ശശിധരന്റെ വയലിൻ വാദനം, ആറാം ദിനം ഷഹബാസ് അമൻ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ, ഏഴാം ദിനം ബിൻസിയും ഇമാമും അവതരിപ്പിക്കുന്ന സൂഫി മിസ്റ്റിക് സംഗീതം, എട്ടാം ദിനം സൂരജ് സന്തോഷ് അവതരിപ്പിക്കുന്ന ലൈവ് ഷോ, ഒൻപതാം നാൾ സ്റ്റീഫൻ ദേവസി അവതരിപ്പിക്കുന്ന ബാൻഡ് ലൈവ്, അവസാന ദിനത്തിൽ ഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രൊജക്റ്റ് മലബാറിക്കസ് മ്യൂസിക് ഷോ എന്നിവയുണ്ടാകും.

Latest News

latest News