ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പരിപാടി: സമ്പർക്ക രോഗ ചികിത്സയ്ക്ക് ജില്ലയിൽ തുടക്കം
ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പരിപാടിയുടെ ഭാഗമായുള്ള സമ്പര്‍ക്ക രോഗ ചികിത്സയ്ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. കുഷ്ഠരോഗികളുടെ സമ്പർക്ക പട്ടികയിലുള്ളവർക്ക് പ്രതിരോധ മരുന്ന് നൽകുന്ന പദ്ധതിയാണ് സമ്പർക്കചികിത്സാ പദ്ധതി. ഓരോ ആരോഗ്യ സ്ഥാപനത്തിന്റെയും കീഴിലുള്ള രോഗികളുടെ വീട്ടിലുള്ളവർ, ജോലി സ്ഥലത്തുള്ളവർ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവർക്കാണ് പ്രതിരോധ മരുന്ന് നൽകുന്നത്. സൗജന്യമായാണ് മരുന്ന് നല്‍കുന്നത്. ഒരു ഡോസ് റിഫാംപിസിൻ എന്ന മരുന്ന് ഇവർക്ക് നൽകിയാൽ 60 ശതമാനം ആളുകൾക്ക് അസുഖം വരാതെ നമുക്ക് രക്ഷപ്പെടുത്താം എന്നാണ് പഠനങ്ങൾ പറയുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ (ആരോഗ്യം) നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് ഹാളിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ഷാബിറ നിർവഹിച്ചു. കുഷ്ഠരോഗത്തിനുള്ള പ്രതിരോധമരുന്നായ റിഫാംപിസിൻ വണ്ണാമട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് നൽകികൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആര്‍ വിദ്യ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ.വി ഗീത വിഷയാവതരണം നടത്തി.
കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് , പട്ടികവർഗ വികസന ഓഫീസർ എം. ഷെമീന, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. അനൂപ് റസാഖ്, ജില്ലാ നഴ്സിങ്ങ് ഓഫീസർ കെ. രാധാമണി, ചിറ്റൂർ വനിത ശിശു വികസന ഓഫീസർ മീനാക്ഷിക്കുട്ടി, ടെക്നിക്കൽ അസിസ്റ്റൻ്റ് പി. ബൈജു കുമാർ, വണ്ണാമട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിബിൻ ചാക്കോ, ജില്ലാ എഡുക്കേഷൻ ആന്റ് മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.