logo
AD
AD

നാച്ചുറ-26: നെല്ലിയാമ്പതിയിൽ കാർഷിക സെമിനാറും നടീൽ വസ്തുക്കളുടെ വിതരണവും നടന്നു

നെല്ലിയാമ്പതിയുടെ കാര്‍ഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'നാച്ചുറ 26' അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടന്ന കാര്‍ഷിക സെമിനാര്‍ കെ. രാധകൃഷ്ണന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം - പ്രാധാന്യവും സാധ്യതകളും എന്നീ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. നെല്ലിയാമ്പതി, അട്ടപ്പാടി മേഖലയിലെ താമസക്കാര്‍ക്കുള്ള വിവിധ ഇനം തൈകളുടെയും മധുരക്കിഴങ്ങ്, മരച്ചീനി, കൂവ തുടങ്ങിയവയുടെ നടീല്‍ വസ്തുക്കളുടെയും വിതരണോദ്ഘാടനവും ഇതോടൊപ്പം എംപി നിര്‍വഹിച്ചു.⁣ ⁣ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പാക്കാനും പ്രാദേശികമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് എം പി പറഞ്ഞു.ഐക്കര്‍ - എഐസിആര്‍പി സീഡ് പദ്ധതി എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാര്‍ നടന്നത്. പട്ടാമ്പി എ ഡി ആര്‍ ഡോ. പി. രാജി, ശാസ്ത്രജ്ഞ കെ.വി ഫസീല എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.⁣ ⁣ കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. അനീന ചെറുധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ സംസ്‌കരണത്തെക്കുറിച്ചും ഇവ ഉപയോഗിച്ച് എങ്ങനെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാമെന്നും വിശദീകരിച്ചു. കിഴങ്ങുവര്‍ഗ വിളകളുടെ മൂല്യവര്‍ദ്ധനവിനെക്കുറിച്ച് ശാസ്ത്രജ്ഞരായ ഡോ. സൂസന്‍ ജോണ്‍, ഷേര്‍ലി റെയ്ച്ചല്‍ അനില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ആത്മ പ്രോജക്ട് ഡയറക്ടര്‍ ഷീല സെമിനാറില്‍ മോഡറേറ്ററായി.⁣ ⁣ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മായാണ്ടി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സരിത, പാലക്കാട് കെ വി കെ പ്രൊഫസര്‍ ഡോ. ഇസ്രായല്‍ തോമസ് എന്നിവര്‍ മുഖ്യാതിഥിയായി.നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ രജിത, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രവിമൂപ്പന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Latest News

latest News