വെർച്വൽ അറസ്റ്റ് തട്ടിപ്പ്: പെരിന്തൽമണ്ണ സ്വദേശി പിടിയിൽ
ആലുവ സ്വദേശിയായ വയോധികനെ വ്യാജ വെർച്വൽ അറസ്റ്റിൽ കുടുക്കി ഒരുകോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിമിനെയാണ് (43) റൂറൽ ജില്ലാ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് വയോധികനെ ഫോണിൽ വിളിച്ചത്. ഇദ്ദേഹത്തിന്റെ പേരിൽ ബോംബെയിലെ ഒരു ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും, അക്കൗണ്ടിലേക്ക് ഉത്തരേന്ത്യയിലെ മനുക്ഷ്യക്കടത്ത് കേസിലെ പ്രതി 75 ലക്ഷം രൂപ അയച്ചെന്നും ഇതിൽ കേസെടുത്തിട്ടുണ്ടെന്നും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തി. കോടതിയുടേതെന്ന് പറഞ്ഞ് ഒരു കത്തും കാണിച്ചു. ഈ കേസ് ‘പ്രയോരിട്ടി ഇൻവെസ്റ്റിഗേഷൻ’ ആയി പരിഗണിക്കാമെന്നും അതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തട്ടിപ്പുസംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും നിർദേശിച്ചു. ഭയംകൊണ്ട് സമ്മർദത്തിലായ വയോധികൻ എട്ടുതവണയായി 1.20 കോടി രൂപ സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചു. സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെ വയോധികൻ പൊലീസിൽ പരാതി നൽകി. ശാസ്ത്രീയ അന്വേഷണത്തിലൂടെ ആലുവ സൈബർ പൊലീസ് സംഘം മലപ്പുറത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ഇൻസ്പെക്ടർ വി ആർ ജഗദീഷ്, എസ്ഐമാരായ എം അജേഷ്, ടി കെ വർഗീസ്, എഎസ്ഐ സലാവുദീൻ, സീനിയർ സിപിഒ പി കെ ദിനേശൻ, സിപിഒ ജെറി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
