യുവജന കമ്മീഷന്‍ ക്ഷേമ അദാലത്ത്; 12 പരാതികള്‍ തീര്‍പ്പാക്കി
പാലക്കാട്: കേരള സംസ്ഥാന യുവജന കമ്മീഷൻ പാലക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ 12 പരാതികൾക്ക് പരിഹാരമായി. കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജറിന്റെ അധ്യക്ഷതയിൽ ചേർന്ന അദാലത്തിൽ ആകെ 23 പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. ഇതിൽ തീർപ്പാക്കാത്ത 11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെച്ചു. നാല് പരാതികൾ പുതുതായി ലഭിക്കുകയും ചെയ്തു. സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ അന്യായമായി വാങ്ങിയ ഫീസ് തിരികെ നൽകുക, സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള കുടിശ്ശിക, ഗാർഹിക പീഡനം, തൊഴിൽ സ്ഥലത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കൽ, സൈബർ-തൊഴിൽ തട്ടിപ്പുകൾ, പി.എസ്.സി സംബന്ധമായ വിഷയങ്ങൾ, സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തൽ തുടങ്ങി വൈവിധ്യമാർന്ന പരാതികളാണ് അദാലത്തിൽ എത്തിയത്. യുവജനങ്ങളിലെ ജീവിതശൈലീ മാറ്റങ്ങളെയും മാനസിക ക്ഷേമത്തെയും സംബന്ധിച്ച് കമ്മീഷൻ നടത്തുന്ന ശാസ്ത്രീയ പഠനത്തിന് തുടക്കം കുറിച്ചതായി ചെയർപേഴ്സൺ എം. ഷാജർ അറിയിച്ചു. സംസ്ഥാനത്തെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങൾ ശാസ്ത്രീയമായി പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് നാഷണൽ യൂത്ത് സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ കെ. ഷാജഹാൻ, പി.സി. വിജിത, സെക്രട്ടറി ഇൻ ചാർജ് കെ. ജയകുമാർ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.
