നാച്ചുറ '26 അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന് തുടക്കമായി
പാലക്കാട്: നെല്ലിയാമ്പതിയുടെ കാര്‍ഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘നാച്ചുറ’26’ (NATOURA ’26) അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിലെ പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ രവി മീണ നിർവഹിച്ചു. കർഷകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഈ നാച്ചുറ 26 അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് ഉപകാരമാകുമെന്ന് അസിസ്റ്റന്റ് കളക്ടർ പറഞ്ഞു.
തുടർന്ന് വെജിറ്റബിൾ കാർവിങ് മത്സരവും ക്രാഫ്റ്റ് & ഫ്ലവർ അറേഞ്ച്മെന്റ് മത്സരവും സംഘടിപ്പിച്ചു. വെജിറ്റബിൾ കാർവിങ് മത്സരത്തിൽ ഒന്നാം സ്ഥാനം ഫാർമിലെ കാഷ്വൽ തൊഴിലാളി കെ.എഫ് തോമസും രണ്ടാം സ്ഥാനം ക്ലാർക്കായ എയ്ഞ്ചൽ സോഫിയയും ക്രാഫ്റ്റ് & ഫ്ലവർ അറേഞ്ച്മെന്റ് മത്സരത്തിൽ ഒന്നാം സ്ഥാനം ഫാം തൊഴിലാളി സത്യഭാമയും കരസ്ഥമാക്കി. തുടർന്ന് ഫാർമിലെ ജീവനക്കാരുടെയും പ്രദേശവാസികളുടെയും കലാപരിപാടികളും അവതരിപ്പിച്ചു.
നെല്ലിയാമ്പതി ഗവ. ഓറഞ്ച് & വെജിറ്റബിൾ ഫാമിൽ നടന്ന പരിപാടിയിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് വികസന, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ രത്നാകുമാരി, ബി സിന്ധു, നെല്ലിയാമ്പതി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബിത പ്രശാന്ത്, മെമ്പർ സി ദിലീപ്, സെക്രട്ടറി ആർ. ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ ബിനുമോൾ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ ആശ, ഫാം സൂപ്രണ്ട് പി സാജിദലി, ജനപ്രതിനിധികൾ, കർഷകർ, തൊഴിലാളികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
