logo
AD
AD

ഓപ്പറേഷൻ പി-ഹണ്ട്; സംസ്ഥാന വ്യാപക റെയ്ഡിൽ 15 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷൻ പി-ഹണ്ട്' ശക്തമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 703 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 15 പേരെ അറസ്റ്റ് ചെയ്യുകയും 100 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. റെയ്ഡിൽ മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടെ 243 ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു.⁣ ⁣ 'ഓപ്പറേഷൻ പി-ഹണ്ട് 26.1' എന്ന പേരിൽ നടന്ന ഈ പ്രത്യേക ദൗത്യത്തിൽ ഓൺലൈൻ വഴിയുള്ള കുട്ടികളുടെ ചൂഷണത്തിനെതിരെ കർശന നടപടികളാണ് പോലീസ് സ്വീകരിച്ചത്. സി.സി.എസ്.സി (CCSC) സെന്റർ കണ്ടെത്തിയ 703 സംശയാസ്പദമായ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ജില്ലാ പോലീസ് മേധാവികളുടെ മേൽനോട്ടത്തിൽ രൂപീകരിച്ച 20 ജില്ലാതല ടീമുകൾ വിവരങ്ങൾ ഏകോപിപ്പിച്ച് ഒരേസമയം റെയ്ഡ് നടത്തി. സൈബർ സെൽ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.⁣ ⁣ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67A, 67B എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിച്ചെടുത്ത ഉപകരണങ്ങളിലെ ഉള്ളടക്കം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.⁣ ⁣ കുറ്റവാളികളെ കണ്ടെത്തുന്നതിനപ്പുറം ഇരകളുടെ രക്ഷയ്ക്കും സംരക്ഷണത്തിനും മുൻതൂക്കം നൽകിക്കൊണ്ടാണ് ഇത്തവണത്തെ ഓപ്പറേഷൻ നടപ്പിലാക്കിയത്. ഇതിനായി കേരള പോലീസ് സൈബർ ഡിവിഷനിൽ നിന്നുള്ള പ്രത്യേക ശാസ്ത്രീയ പരിശീലനം ലഭിച്ച ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിരുന്നു. ബോഡി വോൺ ക്യാമറകൾ, ഡ്രോൺ മോണിറ്ററിങ്, സൈബർ ഫോറൻസിക് വിദഗ്ധരുടെ സേവനം എന്നിവയും ഓപ്പറേഷൻ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിച്ചു.

latest News