logo
AD
AD

അക്ഷരം ആരോഗ്യം: സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കമായി

വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും മുൻഗണന നൽകുന്ന 'അക്ഷരം ആരോഗ്യം' പദ്ധതിക്ക് പാലക്കാട് ജില്ലയിൽ തുടക്കമായി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും കൈകോർക്കുന്ന ഈ സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോലനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ ദേവി ടീച്ചര്‍ നിര്‍വഹിച്ചു.⁣ ⁣ ചെറുപ്പകാലം മുതൽ തന്നെ കുട്ടികളിൽ കൃത്യമായ ആരോഗ്യശീലങ്ങളും അവബോധവും വളർത്തിയെടുക്കുക എന്നതാണ് ഈ കാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ചിട്ടയില്ലാത്ത ആഹാരരീതികൾ, അമിതമായി മൊബൈലും കമ്പ്യൂട്ടറും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, ശാരീരിക അധ്വാനത്തിന്റെ കുറവ് എന്നിവ കുട്ടികളിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് ഹെൽത്ത് മെന്റർമാരായി ചുമതല നൽകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇവർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ്.⁣ ⁣ സ്കൂളുകൾക്ക് സമീപമുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പതിവായി ആരോഗ്യ പരിശോധനകൾ നടത്തുകയും അവരുടെ വളർച്ച രേഖപ്പെടുത്താൻ ഹെൽത്ത് റെക്കോർഡുകൾ തയ്യാറാക്കുകയും ചെയ്യും.കുട്ടികളുടെ ആരോഗ്യ സംബന്ധമായ സംശയങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങളും കൗൺസിലിംഗും ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന '104' എന്ന സൗജന്യ ടോൾ ഫ്രീ നമ്പറും പദ്ധതിയുടെ ഭാഗമായി നിലവിൽ വന്നിട്ടുണ്ട്. കുട്ടികളിലൂടെ നല്ല ആരോഗ്യശീലങ്ങൾ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന വലിയ ലക്ഷ്യവും ഈ കാമ്പയിനുണ്ട്.⁣ ⁣ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് തോലനൂര്‍ സ്കൂളിലെ എൽ.പി. വിഭാഗം വിദ്യാര്‍ഥികൾക്കായി പ്രത്യേക ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന കാസിം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. അനിത എ.കെ കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ അവബോധ ക്ലാസ് നയിച്ചു. കുത്തനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരീഷ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക ഗോകുൽദാസ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അൻസാർ കാസിം, കുത്തനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സുശീല മണിദാസ്,⁣ ⁣ തോലനൂർ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രസീല, ഗവ. എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് റോസി എ ജെ , ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ സയന എസ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ രജിത പി പി , കുത്തനൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജോവിത പുത്തൂർ, ഡി പി എച്ച് എൻ രമ ടി പി, തോലനൂർ ഗവ.എച്ച്.എസ് എസ് പി ടിഎ വൈസ് പ്രസിഡന്റ് സ്വാമിനാഥൻ, എംപി.ടിഎ പ്രസിഡണ്ട് അംബിക വിജയകുമാർ, കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സിന്ധു എം എ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

latest News