പട്ടാമ്പിയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം; നഗരസഭയില്‍ യോഗം ചേര്‍ന്നു
പട്ടാമ്പി: നഗരസഭാ പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി പട്ടാമ്പി നഗരസഭ വിപുലമായ പദ്ധതികൾ നടപ്പിലാക്കുന്നു. നഗരസഭാ ചെയർപേഴ്സൺ ടി.പി. ഷാജിയുടെ നേതൃത്വത്തിൽ ഉന്നതതല ആരോഗ്യ ഉദ്യോഗസ്ഥരുമായി നടത്തിയ പ്രത്യേക ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടായത്. മേലെ പട്ടാമ്പി, ശങ്കരമംഗലം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നഗര ആരോഗ്യ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന മരുന്നുകളുടെ ലഭ്യതക്കുറവ് അടിയന്തരമായി പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി. ലാബ് സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതോടൊപ്പം പരിശോധനകൾ മുടങ്ങാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വിദഗ്ധരായ ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭ്യമാക്കി സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സാ സഹായം നൽകുകയാണ് നഗരസഭയുടെ ലക്ഷ്യം. ഇതോടൊപ്പം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇതിനായി നഗരസഭയിലെ ഓരോ വാർഡ് തലങ്ങളിലും പ്രത്യേക മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലാ എൻ.എച്ച്.എം (NHM) കോർഡിനേറ്റർ ഡോ. സാന്ദ്ര ആർ, ജില്ലാ ക്വാളിറ്റി ഓഫീസർ ഷിനി എന്നിവരുമായി നഗരസഭാ ചെയർപേഴ്സൺ ടി.പി. ഷാജി വിശദമായ കൂടിക്കാഴ്ച നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിതേഷ് മൊഴിക്കുന്നം, നഗരസഭാ സെക്രട്ടറി ഡോ. അമൽ എസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
