വാളയാർ ചെക്ക്പോസ്റ്റിൽ മോഷണം: തമിഴ്‌നാട് സ്വദേശി പിടിയിൽ
പാലക്കാട്: വാളയാർ ജി.എസ്.ടി വകുപ്പിന് കീഴിലുള്ള വാണിജ്യ നികുതി ചെക്ക്പോസ്റ്റ് ഷെഡ്ഡിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതിയെ വാളയാർ പൊലീസ് പിടികൂടി. തമിഴ്‌നാട് വിരുതുനഗർ ഉപ്പുപെട്ടി സ്വദേശിയായ കറുപ്പുസ്വാമി (47) ആണ് പിടിയിലായത്. ജനുവരി 16-ാം തീയതിയാണ് കേസിനാസ്പദമായ മോഷണം നടന്നത്. മുൻപ് സെയിൽ ടാക്സ് കേസുകളിൽ ഉൾപ്പെട്ട് തൊണ്ടിമുതലായി ഗ്രില്ലിട്ട ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന അലുമിനിയം സ്ക്രാപ്പുകളാണ് പൂട്ട് തകർത്ത് പ്രതി കവർന്നത്.
സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മോഷണം നടന്ന സ്ഥലത്തെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബുധനാഴ്ച വാളയാർ ആലാമരം എന്ന സ്ഥലത്ത് വെച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്നും കളവ് പോയതെന്ന് സംശയിക്കുന്ന അലുമിനിയം സ്ക്രാപ്പിന്റെ ഭാഗങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ വാളയാർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
