'പുനരന്വേഷണം നടക്കട്ടെ'; മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം. മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പരാമർശത്തിൽ ധാർമികത മുൻനിർത്തി സജി ചെറിയാൻ ഒരിക്കൽ രാജിവെച്ചതാണ്. അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് പാർട്ടിയുള്ളത്. കേസും തുടർനടപടികളും സംബന്ധിച്ച് നിയമോപദേശം തേടാനും തീരുമാനിച്ചു.
ഭരണഘടനയെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന കേസിലാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. സംസ്ഥാന ക്രൈംബ്രാഞ്ചായിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടിരുന്നു. കേസന്വേഷണം വേഗത്തില്‍ പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം.