റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും, വിവരങ്ങൾ കൂട്ടിച്ചേർക്കാനും പരാതികൾ പരിഹരിക്കുന്നതിനുമായി സർക്കാർ ആവിഷ്ക്കരിച്ച ‘തെളിമ’ പദ്ധതി പ്രകാരം അപേക്ഷിക്കാം. അപേക്ഷകൾക്കായി റേഷൻ കടകളിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും പ്രത്യേക പെട്ടികൾ (ഡ്രോപ് ബോക്സ്) നവംബർ 15 മുതൽ സ്ഥാപിച്ചിട്ടുണ്ട്.
അംഗങ്ങളുടെ ആധാർ നമ്പർ ചേർക്കുന്നതിനും റേഷൻ കാർഡ് അംഗങ്ങളുടെയും ഉടമകളുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം, ആധാർ നമ്പർ, അംഗങ്ങളുടെ തൊഴിൽ, എൽ.പി.ജി/ വൈദ്യുതി കണക്ഷൻ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിനും പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കാം. കൂടാതെ, അനർഹമായി കൈവശം വെച്ചിട്ടുള്ള മുൻഗണന - അന്ത്യോദയ അന്നയോജന, പിങ്ക് കാർഡുകളെ കുറിച്ചുള്ള വിവരവും നൽകാവുന്നതാണ്.
തെറ്റുകൾ തിരുത്തുന്നതിനും കൂട്ടി ചേർക്കലുകൾക്കും ആവശ്യമായി വരുന്ന രേഖകളും അപേക്ഷയോടൊപ്പം പെട്ടിയിൽ നിക്ഷേപിക്കണം. ആഴ്ചതോറും പെട്ടിയിലെ അപേക്ഷകൾ പരിശോധിച്ച് താലൂക്ക് സപ്ലൈ ഓഫീസുകൾ കാർഡുകളിലെ തെറ്റുകൾ തിരുത്തി നൽകും. നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് കാർഡിലെ തെറ്റുകൾ തിരുത്തുവാനുള്ള അവസരം. ജില്ലയിലെ എല്ലാ കാർഡുടമകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.