രചനയുടെ രസതന്ത്രം: ദ്വിദിന ശില്‍പ്പശാലക്ക് നാളെ തുടക്കം

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രചനയുടെ രസതന്ത്രം എന്ന പേരില്‍ നവ എഴുത്തുകാര്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക് നാളെ (ഫെബ്രുവരി 24) തുടക്കം. നാളെയും മറ്റന്നാളുമായി (ഫെബ്രുവരി 24, 25) പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് ശില്‍പ്പശാല നടക്കുക.
അഞ്ച് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന സാഹിത്യ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവരുടെ സര്‍ഗ്ഗശേഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അവരെ രചനയുടെ വിശാലമായ ലോകത്തേയ്ക്ക് നയിക്കുക എന്നതാണ് ക്യാമ്പിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പുറത്തിറക്കുന്ന 'പൂവട്ടി' എന്ന സാഹിത്യപുസ്തകത്തിന്റെ പ്രകാശനവും പരിപാടിയില്‍ നടക്കും. ബ്ലോക്ക് പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുക. പ്രമുഖ എഴുത്തുകാരും ശില്‍പ്പശാലയുടെ ഭാഗമാകും.