logo
AD
AD

അക്വേറിയം & പെറ്റ് ഷോപ്പ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡിയും അനുമോദന സദസ്സും സംഘടിപ്പിച്ചു

പാലക്കാട്: അക്വേറിയം & പെറ്റ് ഷോപ്പ് അസോസിയേഷൻ (APSA) പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗവും അനുമോദന സദസ്സും ഒലവക്കോട് എൻ.എസ്.എസ് കരയോഗം ഹാളിൽ വെച്ച് നടന്നു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വയംതൊഴിൽ കണ്ടെത്തി ഉപജീവനം നടത്തുന്ന ചെറുകിട പെറ്റ് ഷോപ്പ് വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള യൂറോപ്യൻ രീതിയിലുള്ള നിയമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും, ഈ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനായി പാർലമെന്റിൽ വിഷയം അവതരിപ്പിക്കുമെന്നും എം.പി ഉറപ്പുനൽകി. ചടങ്ങിൽ ജില്ലയിലെ മുതിർന്ന അംഗവും പ്രമുഖ ചിത്രകാരനുമായ അബ്ദുൽ റഹ്മാൻ എടത്തറയെ എം.പി ആദരിച്ചു. കൂടാതെ വെറ്റിനറി സയൻസിൽ ഡോക്ടറായ സഞ്ജയ് സജീവ്, എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് നിഹാസ് സി.ടി, റിയ ഫാത്തിമ കെ.കെ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. എ.പി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.കെ ലാളി മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടത്തിനനുസരിച്ച് ഷോപ്പുകളിൽ മാറ്റങ്ങൾ വരുത്തണമെന്നും ശുചിത്വം പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഒലവക്കോട് യൂണിറ്റ് പ്രസിഡന്റ് നാരായണസ്വാമി, പ്രൊഫസർ എൻ. ശിവരാജൻ എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ 2025-26 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി അബ്ദുൾ ഖാദർ പി.യും വരവ് ചെലവ് കണക്കുകൾ ജില്ലാ ട്രഷറർ മുഹമ്മദലി എ.യും അവതരിപ്പിച്ചു. ജില്ലയിൽ പെറ്റ് ഷോപ്പ് ഉൽപ്പന്നങ്ങൾക്ക് വില ഏകീകരണം നടപ്പിലാക്കാനും, അംഗങ്ങൾക്കായി ചെന്നൈ കോളത്തൂരിലേക്ക് വിനോദയാത്ര സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സാദിഖ് പി.കെയുടെ നേതൃത്വത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി. മോഹനൻ (പ്രസിഡന്റ്), ഷാഹുൽ ഹമീദ് (വൈസ് പ്രസിഡന്റ്), അബ്ദുൾ ഖാദർ പി. (സെക്രട്ടറി), മുസ്തഫ വി. (ജോയിന്റ് സെക്രട്ടറി), മുഹമ്മദാലി എ. (ട്രഷറർ), മുഹമ്മദ് അഷറഫ് (മീഡിയ സെൽ അംഗം) എന്നിവരാണ് പ്രധാന ഭാരവാഹികൾ. പി. മോഹനൻ, അബ്ദുൾ ഖാദർ പി. എന്നിവരെ സംസ്ഥാന സമിതി അംഗങ്ങളായും ജെഷി മോൻ, ജയകൃഷ്ണൻ വി, സുബീർ ഐ, നിത്യ എൻ, ജയകൃഷ്ണൻ എൻ. എൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് പി. മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി അബ്ദുൾ ഖാദർ പി. സ്വാഗതവും, മീഡിയ സെൽ അംഗം മുഹമ്മദ് അഷ്റഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ട്രഷറർ മുഹമ്മദാലി എ. നന്ദി രേഖപ്പെടുത്തി.


latest News