logo
AD
AD

പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ സംരംഭത്വ പരിശീലനം: 20 സംരംഭക യൂണിറ്റുകൾ പ്രഖ്യാപിച്ചു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനശിക്ഷൺ സൻസ്ഥാൻ (ജെ.എസ്.എസ്.) സഹകരിച്ചു സംഘടിപ്പിച്ച ഫുഡ് പ്രോസസ്സിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണവും സംരംഭക യൂണിറ്റുകളുടെ പ്രഖ്യാപനവും നടന്നു. പരിശീലനം പൂർത്തിയാക്കി സംരംഭകത്വ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ 20 സംരംഭക യൂണിറ്റുകളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വയംതൊഴിലും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ഈ സംരംഭം മാതൃകാപരമാണെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. സംരംഭകരെ വാർത്തെടുക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുകയും ചെയ്യുക എന്നത് എക്കാലത്തെയും പെരിന്തൽമണ്ണയുടെ വികസന ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പെരിന്തൽമണ്ണയിൽ 1000 സംരംഭക യൂണിറ്റുകൾ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും, അതിനായി ഗുണമേന്മയുള്ള പരിശീലനവും സംരംഭകത്വ വികസന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങങ്ങളുമായി സഹകരിച്ചു നടപ്പാക്കിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുണമേന്മയുള്ള പരിശീലനം, മാർഗനിർദേശങ്ങൾ, സാമ്പത്തിക-സാങ്കേതിക പിന്തുണ എന്നിവ ഉറപ്പാക്കി കൂടുതൽ യുവാക്കളെയും വനിതകളെയും സ്വയം സംരംഭകരാക്കി വളർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ പ്രബീന ഹബീബ്, ഇഫ്ര മോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉമ്മു ഫസീല, സക്കീന, സുനിൽ രാമനാടൻ, ബഷീർ, ഷാജി കട്ടുപ്പാറ, അഡ്വ. ജലീൽ, ഷീന, അനിൽ പുൽപ്ര, ജെ.എസ്.എസ് കോ-ഓർഡിനേറ്റർ സാജിത പി.ടി., മാസ്റ്റർ ട്രെയിനർമാരായ വിനിരാജ്, നദീറ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


latest News