‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’; എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു
എടപ്പാൾ: മയക്കുമരുന്നിനെതിരായ സർക്കാരിന്റെ ‘തൂഫാൻ’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് എടപ്പാൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’ വാക്കത്തോൺ സംഘടിപ്പിച്ചു. നടുവട്ടത്തുനിന്ന് ആരംഭിച്ച വാക്കത്തോൺ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ബാബു ദിവാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. ലയൺസ് കുടുംബാംഗങ്ങൾക്ക് പുറമെ ദാറുൽ ഹിദായ സ്കൂൾ, എടപ്പാൾ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും ഗ്ലോബൽ ഫിറ്റ്നസ് അംഗങ്ങളും വിവിധ ക്ലബ്ബ് പ്രവർത്തകരും പൊതുജനങ്ങളും വാക്കത്തോണിൽ പങ്കാളികളായി. നടുവട്ടത്തുനിന്ന് എടപ്പാൾ ചുങ്കം വഴി സഞ്ചരിച്ച വാക്കത്തോൺ എമിരേറ്റസ് മാളിന് മുന്നിലാണ് സമാപിച്ചത്. മയക്കുമരുന്നിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ദാറുൽ ഹിദായ സ്കൂൾ പൂക്കരത്തറയിലെ എൻ.എസ്.എസ് വിദ്യാർഥികൾ ഫ്ലാഷ് മോബും തെരുവുനാടകവും അവതരിപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ ലയൺസ് ക്ലബ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ബാബു ദിവാകരൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
