logo
AD
AD

വളാഞ്ചേരി ഫയർ സ്റ്റേഷൻ: സംയുക്ത സ്ഥല പരിശോധന നടത്തി

വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. വളാഞ്ചേരി ഫയർ സ്റ്റേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ചയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് സ്ഥലപരിശോധന നടത്തിയത് . കാട്ടിപ്പരുത്തി വില്ലേജിലെ റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയിട്ടുളയത്. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് പ്രസ്തുത ഭൂമി അഗ്നിരക്ഷാ വകുപ്പിന് ഭൂമി കൈമാറ്റം ചെയ്ത് നേരത്തേ ഉത്തരവായത്. ഫയർ & റസ്‌ക്യു വിഭാഗം, റവന്യു വിഭാഗം, പൊതുമരാമത്ത് കെട്ടിട വിഭാഗം, ദേശീയ പാത സർവ്വേ വിഭാഗം എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് സ്ഥല പരിശോധന നടത്തിയത്. സ്ഥലം അളന്ന് അതിർത്തി അടയാളപ്പെടുത്തി സ്കെച്ച് തയ്യാറാക്കി നൽകുന്നതിന് താലൂക്ക് സർവ്വെ വിഭാഗത്തിന് ഫയർ & റസ്‌ക്യു വിഭാഗം കത്ത് നൽകും. നേരത്തെ അഗ്നിരക്ഷാ വകുപ്പിന് സ്ഥലം കൈമാറിയിട്ടുള്ളതാണെങ്കിലും ദേശീയ പാത നിർമ്മാണത്തെ തുടർന്നാണ് അതിർത്തി പുനർ നിർണ്ണയം നടത്തുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ സ്ഥലത്തെ കാടുകൾ വെട്ടിത്തെളിയിക്കുന്ന ശുചീകരണ പ്രവൃത്തികളും നടക്കുന്നുണ്ട് ജില്ലാ ഫയർ & റസ്‌ക്യു ഓഫീസർ അനൂപ് ടി, ഡെപ്യൂട്ടി തഹസിൽദാർ വിനോദ് കുമാർ വി, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ ജോമോൻ തോമസ്, നഗരസഭ കൗൺസിലർ മുജീബ് വാലാസി, തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ ഫാഹിദ് എ.എം., അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അബ്‌ദുൽ സലീം ടി, സീനിയർ ഫയർ & റസ്‌ക്യു ഓഫീസർ മദനമോഹനൻ ടി.കെ തുടങ്ങിയവരും പങ്കെടുത്തു.


latest News