ലോക ജനസംഖ്യാ വാരാചരണം: ബോധവല്‍ക്കരണ സെമിനാറും പ്രശ്നോത്തരിയും
പാലക്കാട്: ലോക ജനസംഖ്യാ വാരാചരണത്തിന്റെ ഭാഗമായി ടീച്ചേഴ്സ് എഡ്യൂക്കേഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ സെമിനാറും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് എഡ്യൂക്കേഷന്‍ സെന്റര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഇന്‍ ചാര്‍ജ് പി രാജലക്ഷ്മി ദിനാചരണ സന്ദേശം നല്‍കി. ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ രജീന രാമകൃഷ്ണന്‍ പ്രശ്‌നോത്തരിക്ക് നേതൃത്വം നല്‍കി. മത്സരത്തില്‍ യു ഉണ്ണിമായ, ഗോപികാലക്ഷ്മി, ഡി പ്രവിത എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 'പ്രസവങ്ങള്‍ തമ്മിലുള്ള മതിയായ ഇടവേള അമ്മയുടെയും കുഞ്ഞിനെയും ആരോഗ്യത്തിനും ക്ഷേമത്തിനും' എന്നതാണ് ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രധാന സന്ദേശം. കുഞ്ഞുങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ഇടവേള ഉറപ്പാക്കുന്നത് അമ്മയുടെ മാത്രമല്ല കുഞ്ഞിന്റെയും ആരോഗ്യത്തിനും നല്ല ഭാവിക്കും അത്യാവശ്യമാണ്. ഇതിലൂടെ ഓരോ കുഞ്ഞിനും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും മുലപ്പാല്‍ ലഭിക്കാനും അമ്മയുടെ പൂര്‍ണശ്രദ്ധ കിട്ടുന്നതിനും സഹായിക്കും. അടുത്തടുത്തുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ബോധവല്‍ക്കരണ സെമിനാറില്‍ കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഹസീന അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. നൈന വിഷയം അവതരിപ്പിച്ചു. ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. എ സണ്ണിരാജ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് സയന കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
