വ്യാപാരികളുടെ പണം തട്ടിയ കേസ്; പ്രതി പിടിയിൽ
പെരിന്തൽമണ്ണ: വ്യാപാരികൾക്ക് പഴ്സണൽ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട പുന്നശ്ശേരി വീട്ടിൽ രവി (38) ആണ് പിടിയിലായത്. പെരിന്തൽമണ്ണയിലെ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം പാലത്തിങ്ങൽ ഇബ്രാഹീമിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ മാസം 21 മുതൽ ഈ മാസം 10 വരെയായി പല തവണകളിലായി ഗൂഗിൾ പേ വഴി പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ച് 30000 രൂപ തട്ടിയെടുത്തതായാണ് പരാതി. മറ്റു ചിലരും പ്രതിയുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെറുകിട കച്ചവടക്കാരെയാണ് പ്രതി തട്ടിപ്പിനിരയാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വായ്പയുടെ കാര്യം പറഞ്ഞ് വിശ്വസിപ്പിച്ച് ഇരയാകുന്നവരിൽ നിന്ന് വായ്പാ ഇൻഷുറൻസിന്റെ പേരിലും അവരുടെ മൊബൈൽ ഫോണിൽ വായ്പാ ആപ്ലിക്കേഷനുകൾ സജ്ജമാക്കി അവരറിയാതെ തൽസമയ വായ്പയെടുത്തും പ്രതി പണം കൈക്കലാക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
എസ്ഐ ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തിലാണ് പ്രതിയെ പെരിന്തൽമണ്ണ ഊട്ടി റോഡിൽ വച്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ കുറിച്ച് കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എസ്ഐ പറഞ്ഞു.