ആയുധം നേരത്തെ വാങ്ങി കൈവശം കരുതി; നെൻമാറ ഇരട്ടക്കൊല ആസൂത്രിതമെന്ന് പൊലീസ്
പാലക്കാട്: പാലക്കാട് നെൻമാറയിൽ ചെന്താമര നടത്തിയ ഇരട്ടക്കൊല ആസൂത്രിതമെന്ന് പൊലീസ്. ആയുധം നേരത്തെ വാങ്ങി കൈവശം കരുതി. വിഷം കഴിച്ചെന്ന് വരുത്താനാണ് വീട്ടിൽ വിഷകുപ്പി വെച്ചത്. സിനിമയെ വെല്ലുന്ന നാടകീയതയിലൂടെയാണ് ചെന്താമരയെ പൊലീസ് ഇന്നലെ രാത്രി പിടികൂടിയത്. രാത്രി പത്തരയോടെ കൂടിയാണ് ചെന്താമര പിടിയിലാകുന്നത്. പ്രതി വീടിന്‍റെ പരിസരത്ത് തന്നെ ഉണ്ടെന്ന് സൂചന ലഭിച്ചതോടെ പൊലീസ് നീക്കം വേഗത്തിലാക്കി. പ്രതിയെ മാട്ടായി ഭാഗത്ത് കണ്ടെത്തിയെന്ന് വിവരം ലഭിച്ചതോടെ കാടടക്കി പരിശോധന. ഒടുവിൽ വിശപ്പ് സഹിക്കാതെ മലയിറങ്ങി വീട്ടിലേക്ക് വന്ന ചെന്താമരയെ പൊലീസ് പിടികൂടി. പൊലീസ് നീക്കങ്ങൾ സൂക്ഷമായി ചെന്താമര നിരീക്ഷിച്ചു. അതുകൊണ്ടാണ് രണ്ടുദിവസം ഒളിവിൽ കഴിയാനായത്. വൈരാഗ്യമാണ് കൊലക്ക് കാരണം. ഇതിനായി ആയുധങ്ങൾ നേരത്തെ തന്നെ വാങ്ങി സൂക്ഷിച്ചു.
ചെന്താമരയെ അറസ്റ്റ് ചെയതതോടെ നാടകീയ രംഗങ്ങളായിരുന്നു ഇന്നലെ രാത്രി പൊലീസ് സ്റ്റേഷന് മുന്നിൽ നടന്നത്. പ്രതിയോടുള്ള രോഷം നാട്ടുകാർ പുറത്തെടുത്തു. ലാത്തി വീശിയും പെപ്പർ സ്പ്രേ ഉപയോഗിച്ചും ആയിരുന്നു പൊലീസ് പ്രതിരോധം. പ്രതിഷേധങ്ങൾ കെട്ടടങ്ങിയതോടെ അർദ്ധരാത്രിയിൽ തന്നെ പ്രതിയെ പൊലീസ് നെന്മാറ സ്റ്റേഷനിൽ നിന്നും ഇറക്കി. രണ്ട് ബസ് ഉൾപ്പെടെ ഏഴ് വാഹനങ്ങൾ അടങ്ങുന്ന വ്യൂഹം. ദേശീയപാതയിലേക്ക് എത്തിയപ്പോഴേക്കും വീണ്ടും പൊലീസിന്‍റെ നാടകം. ഏഴു വാഹനങ്ങളും ഏഴു ദിശയിലേക്ക്. ഇതിനിടെ ചെന്താമര കീഴടങ്ങിയതല്ല പിടികൂടിയതാണെന്ന പൊലീസിന്‍റെ അവകാശ വാദം. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ ഉള്ള പ്രതിയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ കുറ്റകൃത്യം പുനരാവിഷ്കരിക്കാനാണ് പൊലീസ് നീക്കം.