മുത്തലാഖ് ചൊല്ലിയതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങൾ നൽകണം; കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖ് ചൊല്ലിയതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങൾ തേടി സുപ്രീം കോടതി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ശേഷം രാജ്യത്ത് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, തുടർ നടപടികൾ എന്ത് സ്വീകരിച്ചു തുടങ്ങിയ വിഷയങ്ങളിലാണ് കേന്ദ്രത്തോട് സുപ്രീംകോടതി വിവരങ്ങൾ തേടിയത്. ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകളുടെ വിവരങ്ങളും നല്‍കണം. മുത്തലാഖ് ചൊല്ലുന്നത് ക്രിമനില്‍ കുറ്റമാക്കിയത് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. മുത്തലാഖ് നിയമം സംസ്ഥാനങ്ങളില്‍ ചോദ്യം ചെയ്തിട്ടുണ്ടോയെന്നും ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. 2019 ലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമം പാസ്സാക്കിയത്. ഇതു ചോദ്യം ചെയ്തുകൊണ്ട് കേരളത്തില്‍ നിന്നടക്കം ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. മുസ്ലിം സ്ത്രികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുത്തലാഖ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. ഹരജികളിൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.