ക്രിമിനൽ കേസ് പ്രതികളെ കാപ്പ ചുമത്തി നാടുകടത്തി
മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ കൊണ്ടോട്ടി മൊറയൂർ സ്വദേശി ആനകല്ലിങ്ങൽ വീട്ടിൽ അർഷാദ് (27), താനൂർ പനങ്ങാട്ടൂർ സ്വദേശി പറങ്ങോടത്ത് വീട്ടിൽ മുഹമ്മദ് അലി എന്ന അക്കു (32) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്.
കഞ്ചാവ് കേസ്സുകളിലെ പ്രതിയായ അർഷാദിനെ അവസാനമായി 8 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഈ കേസ്സിൽ ജയിലിൽ നിന്നിറങ്ങിയതിന് ശേഷമാണ് ഇയാൾക്കെതിരെ കാപ്പ പ്രകാരം നടപടി സ്വീകരിച്ചത്. സ്ത്രീ പീഢനം അടക്കമുള്ള കേസ്സുകളിൽ പ്രതിയായ മുഹമ്മദ് അലി രണ്ട് മാസം മുമ്പാണ് അടിപിടി കേസ്സിൽ ഉൾപ്പെട്ട് ജയിലിൽ നിന്നും ഇറങ്ങിയത്. ജില്ലാ പോലിസ് മേധാവി വിശ്വനാഥ്. ആർ ഐ.പി.എസിന്റെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്പ്യൂട്ടി ഇൻസ്റ്റ്പെക്ടർ ആണ് ഉത്തരവിറക്കിയത്.
ആറ് മാസക്കാലത്തേക്കാണ് ഇവർക്കെതിരെ മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേക്ക് പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതും, മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.