ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്; വിദ്യാഭ്യാസ ജില്ലാതല മത്സരം സംഘടിപ്പിച്ചു
കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിന്റെ സ്കൂൾതല വിദ്യാഭ്യാസ ജില്ലാതല മത്സരം സംഘടിപ്പിച്ചു. ജില്ലയിൽ പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലകളിലായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പാലക്കാട് കാണിക്കമാതാ ഹയർ സെക്കൻഡറി സ്കൂൾ , മണ്ണാർക്കാട് എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂൾ , ഒറ്റപ്പാലം എൽ.എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകൾ വേദികളായി.
പാലക്കാട് വിദ്യാഭ്യാസ ജില്ലാതലത്തിൽ കരിപ്പോട് വി.ഇ.എം.എച്ച്.എസ് സ്കൂളിലെ പി ആദിനാദ്-ആർ റിയ സംഘം ഒന്നാം സ്ഥാനവും, ചിറ്റൂർ ഗവ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എസ് ശ്രീലക്ഷ്മി-എസ് ശ്രീയ സംഘം രണ്ടാം സ്ഥാനവും, ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ എസ് അസ്‌ലൻ അഹദ്-ടി.എ റിഷാൻ ഇബ്രാഹിം സംഘം മൂന്നാം സ്ഥാനവും നേടി. മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാതലത്തിൽ നെല്ലിപ്പുഴ ഡി.എച്ച്.എസ് സ്കൂളിലെ കെ.വി ഫിസാൻ-കെ കിരൺ ടീം ഒന്നാം സ്ഥാനവും, ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലെ വൈഷ്ണവ് കുമാർ-കെ.പി അനന്തകൃഷ്ണൻ ടീം രണ്ടാം സ്ഥാനവും, കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂൾ അഭിമന്യു രമേശ്- അദ്വൈത് രമേശ് ടീം മൂന്നാം സ്ഥാനവും നേടി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാതലത്തിൽ മേഴത്തൂർ ജി.എച്ച്.എസ്.എസ് സ്കൂളിലെ ടി അഭിനവ്- നന്ദന മുരളി ടീം ഒന്നാം സ്ഥാനവും, കടമ്പൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വി ശ്രീഹരി- പി.എം അനാമിക ടീം രണ്ടാം സ്ഥാനവും, കടമ്പൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ തന്നെയുള്ള ഗോവിന്ദ് എസ് ശങ്കർ-ടി ആര്യൻ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിദ്യാഭ്യാസ ജില്ലകളിൽ നിന്നും വിജയികളായ പത്ത് വീതം ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി. ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാൻഡ് ഫിനാലെ നടക്കും. സ്‌കൂൾതല ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രശസ്തി പത്രവും മെമന്റോയും സമ്മാനമായി നൽകും.
