സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
പാലക്കാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിലൂടെ കടന്നുപോകുന്ന പ്രകൃതിവാതക പൈപ്പ്ലൈനുമായി ബന്ധപ്പെട്ട സുരക്ഷാ പ്രോട്ടോകോളുകളും അടിയന്തര പ്രതികരണ സംവിധാനങ്ങളും ജില്ലാ തല വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക സ്ഥാപന പ്രതിനിധികള്‍ക്കും ബോധ്യപ്പെടുത്തുകയായിരുന്നു ബോധവല്‍ക്കരണ ക്ലാസിന്റെ ലക്ഷ്യം. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ജില്ലാ ഇൻ ചാർജ് ഓഫീസർ സന്ദീപ് ജെ. അക്കര, അസോസിയേറ്റ് മാനേജർ കെ.ഐ നിഷാൽ എന്നിവർ ക്ലാസുകൾ നയിച്ചു. സി.എൻ.ജി പൈപ്പ്‌ലൈന്‍ സുരക്ഷയുടെ നിര്‍ണായക വിഷയങ്ങളും പാലക്കാട് വഴി കടന്നുപോകുന്ന പൈപ്പ്‌ലൈന്‍ റൂട്ടിന്റെ വിശദാംശങ്ങളും സുരക്ഷാ സംവിധാനങ്ങളും ക്ലാസില്‍ വിശദീകരിച്ചു. അടിയന്തര പ്രതികരണ സംവിധാനത്തെക്കുറിച്ചും, 'ഡയല്‍ ബിഫോര്‍ യു ഡിഗ്' എന്ന ആശയത്തിന്റെ പ്രാധാന്യവും പ്രതിപാദിച്ചു. സി.എൻ.ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ഗാർഹിക ആവശ്യങ്ങൾക്കായി പ്രധാനമായും പുതുശ്ശേരി, എലപ്പുള്ളി ഗ്രാമപഞ്ചായത്തുകളിലെ 350 ഓളം വീടുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ മരുതറോഡ് ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ പരിധികളിലും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. അതിനാൽ പിഡബ്ല്യുഡി, കെഎസ്ഇബി, വാട്ടർ അതോറിറ്റി, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ പൈപ്പ്ലൈന് സമീപം ഏതെങ്കിലും നിർമ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതർക്ക് വിവരം നൽകണമെന്ന് ക്ലാസില്‍ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള വാതക ചോർച്ച ഉണ്ടായാൽ ഉടൻ തന്നെ 9072590100, 9072590111 ൽ അറിയിക്കണമെന്ന് ബോധവൽക്കരണ ക്ലാസിൽ നിർദ്ദേശം നൽകി. ഏതെങ്കിലുമൊരു സ്ഥലത്ത് വാതക ചോർച്ച ഉണ്ടായാൽ അതിന് സമീപത്ത് തീ, ചൂട് എന്നിവയുണ്ടാക്കുന്ന ഒരു പ്രവർത്തനവും നടത്തരുതെന്നും മൊബൈൽ ഫോൺ ഉൾപ്പെടയുള്ളവ പ്രവർത്തിപ്പിക്കാൻ പാടില്ല. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുനതിന് മുൻപ് തന്നെ അതുമായി ബന്ധപ്പെട്ട കരാറുകാർക്ക് നിർദ്ദേശം നൽകണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. സുനിൽകുമാർ നിർദേശം നൽകി. എഡിഎം കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഫയർ ആന്റ് സേഫ്റ്റി മാനേജർ എസ്. അനുരാജ്, ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് അസോസിയേറ്റ് മാനേജർ അരുൺ പോൾ, സീനിയർ എൻജിനിയർ സഞ്ജയ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
