സ്ത്രീകളുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച കേസ്: തിരുമിറ്റക്കോട് സ്വദേശി അറസ്റ്റിൽ
പട്ടാമ്പി: സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചയാളെ പട്ടാമ്പി പോലീസ് അറസ്റ്റുചെയ്തു. തിരുമിറ്റക്കോട് എഴുമങ്ങാട് സ്വദേശി വീതുട്ടൂർപടി വീട്ടിൽ അനീഷിനെയാണ് (37) പട്ടാമ്പി പോലീസ് അറസ്റ്റുചെയ്തത്. അനീഷ് സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരുടേതുൾപ്പെടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. മുൻപും സമാനരീതിയിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് കാസർകോട് ചന്ദേര പോലീസ് സ്റ്റേഷനിലും പട്ടാമ്പി സ്റ്റേഷനിലും കേസുകൾ നിലവിലുള്ളതായി പോലീസ് അറിയിച്ചു. ഇതിനുസഹായിച്ചവരെ കുറിച്ചും ദൃശ്യങ്ങൾ ഷെയർ ചെയ്തവരെ കുറിച്ചും വ്യക്തമായ തെളിവുകൾ ലഭിച്ചതായും ഇത്തരക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
