മങ്കട ചേരിയം മലയിൽ പാറമുകളിൽ നിന്ന് കാൽ തെന്നിവീണ് യുവാവിന് പരിക്ക്
മങ്കട ചേരിയം മലയിലെ അപകടം നിറഞ്ഞ ഉപ്പുപ്പാറയുടെ മുകളിൽ നിന്ന് കാൽ തെന്നിവീണ് വടക്കാങ്ങര പോത്തുണ്ട് സ്വദേശി പള്ളിയാലിൽ ഫാസിലിന് പരിക്കേറ്റു. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം മലയിലെത്തിയതായിരുന്നു ഫാസിൽ. ദൂരക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി സന്ദർശകർ സാധാരണയായി മലകയറി ഉപ്പുപ്പാറയുടെ മുകളിൽ ഇരിക്കാറുണ്ട്. ഇത്തരത്തിൽ പാറയുടെ മുകളിലൂടെ നടക്കുന്നതിനിടെ ഫാസിൽ അബദ്ധത്തിൽ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് ഉടൻ തന്നെ മങ്കട പോലീസ്, മങ്കട ട്രോമാകെയർ പ്രവർത്തകർ, നാട്ടുകാർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ ഫാസിലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
