logo
AD
AD

താഴെക്കോട് മേഖലയിലെ വൈദ്യുതി പ്രതിസന്ധി: 110 കെ.വി. സബ്സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

കരിങ്കല്ലത്താണി: കരിങ്കല്ലത്താണി, താഴെക്കോട്, അമ്മിനിക്കാട്, അരക്കുപറമ്പ് തുടങ്ങിയ താഴെക്കോട് ഇലക്ട്രിസിറ്റി സബ്സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് സ്ഥിരപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകി. വൈദ്യുതിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിവിധ തൊഴിലാളികൾ, വ്യാപാരികൾ, മെഡിക്കൽ സ്റ്റോറുകൾ, ഗാർഹിക ഉപഭോക്താക്കൾ എന്നിവർ നിത്യേന നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ സംയുക്ത നീക്കം. അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കരിങ്കല്ലത്താണി, താഴെക്കോട് ടൗണുകൾക്ക് പുറമെ, നൂറുകണക്കിന് സഞ്ചാരികൾ ദിനേന എത്തുന്ന കൊടികുത്തിമല ഇക്കോ ടൂറിസം, തൊടുകാപ്പ് ഇക്കോ ടൂറിസം തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വൈദ്യുതി ലഭ്യത പൂർണ്ണമായും ഉറപ്പുവരുത്തുന്നതിനായി, താഴെക്കോട് സബ്സ്റ്റേഷൻ പരിധിയിലൂടെ കടന്നുപോകുന്ന 220 കെ.വി ലൈനിൽ നിന്നും ഒരു പുതിയ 110 കെ.വി സബ്സ്റ്റേഷൻ നിർമ്മിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഇത് വിദൂര ഭാവിയിലേക്ക് കൂടി ഉപകാരപ്പെടുന്ന ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രോജക്ട് ആയിരിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിദ്യുച്ഛക്തി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, പെരിന്തൽമണ്ണ നിയോജകമണ്ഡലം എം.എൽ.എ നജീബ് കാന്തപുരം, മലപ്പുറം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിജുമോൻ എന്നിവർക്കാണ് നിവേദനം സമർപ്പിച്ചത്. ആൾ കേരള ആർട്ടിസാൻസ് & സ്കിൽഡ് വർക്കേഴ്സ് യൂണിയൻ (അസംഘടിതം) മലപ്പുറം ജില്ലാ പ്രസിഡന്റ് ഫൈസൽ പാലോത്തും, പാചക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് വെങ്ങാടനും ചേർന്നാണ് നിവേദനങ്ങൾ കൈമാറിയത്.


latest News